Site icon Janayugom Online

കര്‍ഷകർ വൻ പ്രക്ഷോഭത്തിലേക്ക്

ലഖിംപൂര്‍ ഖേരിയില്‍ നിന്നും പടരുന്ന കര്‍ഷകരോഷം രാജ്യമെങ്ങും വ്യാപിക്കുന്നു. കര്‍ഷക കൂട്ടക്കുരുതിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ അടക്കമുള്ള പ്രതികളെ സംരക്ഷിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനമെടുത്തു.
മരിച്ച കര്‍ഷകര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ ചൊവ്വാഴ്ച രാജ്യത്തെ കര്‍ഷകരോട് ലഖിംപുര്‍ ഖേരിയിലേക്കെത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. സംഭവസ്ഥലമായ ടിക്കോണിയ ഗ്രാമത്തില്‍ കര്‍ഷകര്‍ ഒത്തുചേര്‍ന്ന് മെഴുകുതിരികള്‍ തെളിയിക്കും. രാജ്യത്ത് എല്ലായിടങ്ങളിലും രാത്രി എട്ടുമണിക്ക് മെഴുകുതിരി പ്രകടനങ്ങള്‍ നടത്താനും കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തു. 

15 ന് ദസറ ദിനത്തിൽ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിക്കും. 18ന് രാജ്യവ്യാപക ട്രെയിൻ തടയല്‍ സമരം. 26 ന് ലഖ്നൗവില്‍ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിക്കും. മരിച്ച കർഷകരുടെ ചിതാഭസ്മവുമായി യുപിയിലെ എല്ലാ ജില്ലകളിലും നഗരങ്ങളിലും യാത്രകള്‍ നടത്തും. ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കും ചിതാഭസ്മ യാത്രകള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക, മന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര ടെനിയെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടന മുന്നോട്ടുവച്ചിരിക്കുന്നത്. തിങ്കളാഴ്ച വരെ സമയം നൽകിയതായും നടപടിയില്ലെങ്കില്‍ ചൊവ്വാഴ്ച മുതൽ സമരം ശക്തിപ്രാപിക്കുമെന്നും ബികെയു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. 

ഡല്‍ഹിയില്‍ ഇന്നലെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇന്ന് യുപിയില്‍ കിസാന്‍ ന്യായ് റാലി സംഘടിപ്പിക്കും. മഹാരാഷ്ട്രയില്‍ നാളെ സംസ്ഥാന ബന്ദിന് മഹാവികാസ് അഘാഡി സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം വെടിയണമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി അതുല്‍കുമാര്‍ അഞ്ജാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നിന് അജയ് മിശ്രയ്‌ക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് നേരെ ആശിഷ് മിശ്ര വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു. ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്ത നടപടിയെ കഴിഞ്ഞദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ENGLISH SUMMARY:Farmers to mass agitation
You may also like this video

Exit mobile version