കർഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ ലഖിംപൂർ ഖേരിയിൽ വിവിധ പരിപാടികളിൽ നിന്ന് വിട്ട് നിന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര. പ്രദേശത്തെ രണ്ട് കോപ്പറേറ്റീവ് ഷുഗർ മില്ലിന്റെ ഉദ്ഘാടന ചടങ്ങിനാണ് മന്ത്രി പങ്കെടുക്കാതിരുന്നത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികയാത്ത് കഴിഞ്ഞ ദിവസം മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
പരിപാടിയിൽ മന്ത്രി പങ്കെടുത്താൽ വലിയ പ്രതിഷേധം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ലഖിംപൂർ ഖേരിയിലെ ബെൽറയാൻ, സമ്പൂർണ നഗർ എന്നിവിടങ്ങളിലെ പഞ്ചസാര മില്ലിന്റെ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യാതിഥിയായി അജയ് മിശ്രയയെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മിശ്ര പരിപാടികളിൽ പങ്കെടുത്താൽ രണ്ട് മില്ലുകളിലേക്കും കരിമ്പ് കൊണ്ടുപോകില്ലെന്നും കർഷകർ അവരുടെ ഉൽപ്പന്നങ്ങൾ ലഖിംപൂർ ഖേരിയിലെ ഡിഎം ഓഫീസിൽ നിക്ഷേപിക്കുമെന്നുമായിരുന്നു തികായത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച, ലഖ്‌നൗവിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു തികായത്ത് നിലപാട് വ്യക്തമാക്കിയത്
അതേസമയം മന്ത്രിക്ക് റാഞ്ചിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നുവെന്നും അതിനാലാണ് ലഖിംപൂരിലേക്ക് വരാതിരുന്നതെന്നും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി അമിത് മിശ്രയുടെ പറഞ്ഞു.അതേസമയം പരിപാടിയുടെ പ്രത്യേക അതിഥിയിയായി നിശ്ചയിച്ച ബി ജെ പി എംഎൽഎ ഹർവിന്ദർ കുമാറും ലഖിംപൂർ ബിജെപി വൈസ് പ്രസിഡന്റ് ജ്യോതർമയി ബർതാരിയയും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. നേരത്തേ ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ഡിജിപിമാരുടെയും ഐജിമാരുടെയും വാർഷിക സമ്മേളനത്തിന്റെ അവസാനദിവസത്തെ ചടങ്ങിലും കേന്ദ്ര മന്ത്രി മിശ്ര പങ്കെടുത്തിരുന്നില്ല
ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നാല് കർഷകരായിരുന്നു കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 9 പേരായിരുന്നു കൊല്ലപ്പെട്ടത്. കർഷകരെ ഇടിച്ച് കൊലപ്പെടുത്തിയ വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.അജയ് മിശ്രയയേയും കേന്ദ്രമന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം നേരത്തേ കർഷക സംഘടനകൾ ഉയർത്തിയിരുന്നു
എന്നാൽ യാതൊരു നടപടിയും മന്ത്രിക്കെതിരെ നേതൃത്വം സ്വീകരിച്ചിരുന്നില്ല. നിലവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും കേന്ദ്രമന്ത്രിസഭയിൽ നിന്നും അജയ് മിശ്രയയെ പുറത്താക്കുന്നതുൾപ്പെടെയുള്ള തങ്ങളുടെ ആറ് ആവശ്യങ്ങൾ നടപ്പാകാതെ സമരത്തിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകില്ലെന്നാണ് കർഷ സംഘടനകൾ വ്യക്തമാക്കിയത്.അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് നീക്കം
രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ വിവാദമായ മൂന്ന് നിയമങ്ങളും റദ്ദാക്കും.മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ തീരുമാനം. അതേസമയം നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിൽ താങ്ങുവില സംബന്ധിച്ച് മാർഗ നിർദേശം കൊണ്ടുവരാൻ കൃഷിമന്ത്രാലയം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക ‚ലഘിംപൂര്‍ ഖേരി സംഭവത്തില്‍ സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ ആറ് ആവശ്യങ്ങളാണ് സംഘടനകൾ കേന്ദ്രത്തിന് മുന്നിൽ വെച്ചിരിക്കുന്നത്
English Summary:Minister Ajay Mishra stays away from Lakhimpur Kheri for fear of protests
You may also like this video: