Site iconSite icon Janayugom Online

ഉഷ്ണതരംഗം ബാധിച്ചും ഓരുവെള്ളംകയറിയും കൃഷി നശിച്ച കർഷകർക്ക്​ നഷ്​ടപരിഹാരം നല്‍കും: മന്ത്രി പി പ്രസാദ്

ഉഷ്ണതരംഗം ബാധിച്ചും ഓരുവെള്ളംകയറിയും കുട്ടനാട്ടിലെ നെൽകൃഷിനാശമുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ കർഷകർക്ക്​ നഷ്​ടപരിഹാരം നൽകു​മെന്ന്​ കൃഷി മന്ത്രി പി പ്രസാദ്​. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുവെള്ളം കയറിയും ഉഷ്ണതരംഗം ബാധിച്ചും കുട്ടനാട്ടിലെ ചിലമേഖലകളിൽ മെച്ചപ്പെട്ട വിളവ്​ ലഭിച്ചിട്ടില്ല. ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായതിന്റെ കണക്ക്​ എടുത്തിട്ടുണ്ട്​. കാലാവസ്ഥവ്യതിയാനം മൂലമുണ്ടായ നഷ്ടവും പരിശോധിക്കുന്നുണ്ട്​. രണ്ട്​ റിപ്പോർട്ടുകളും പരിശോധിച്ചാവും നഷ്​ടപരിഹാരം നൽകുക. നെൽകൃഷിയുടെ കാര്യത്തിൽ അത്​ വേഗത്തിൽ നൽകും. 

കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസിലേക്ക്​ മാറിയിട്ടുണ്ട്​. കേന്ദ്രാവിഷ്കൃതപദ്ധതിയായ ഇൻഷുറൻസിന്റെ പ്രീമിയം അടക്കുന്നത്​ സംസ്ഥാനസർക്കാറും കേന്ദ്രവുമാണ്​. എന്നാൽ, ഉപ്പുവെള്ളം കയറിയുള്ള നാശം ഇൻഷുറൻസിന്റെ പരിഗണനയിൽ വരാത്തതിനാലാണ്​​ പ്രത്യേകതരത്തിൽ പണം​ കണ്ടെത്തുന്നത്​.
നെല്ല്​ സംഭരണവുമായി ബന്ധപ്പെട്ട്​ പിആർഎസ്​ രസീത്​ നൽകി വായ്പ നൽകാൻ​ കൺസോഷ്യത്തിൽ ഉൾപ്പെട്ട ചില ബാങ്കുകൾ മോശപ്പെട്ട സമീപനമാണ്​ കാണിക്കുന്നത്​. ​കർഷരുടെ നെല്ല്​ സംഭരണത്തിൽ ബോധപൂർവമായി വിലപേശലുമായി ചില ബാങ്കുകൾ ഇറങ്ങുന്നത്​ സാധാരണക്കാരുടെ താൽപര്യം സംരക്ഷിക്കാനല്ല. വൻകിടക്കാരുടെ കാര്യത്തിൽ ഇത്തരം ബാങ്കുകൾ ശാഠ്യംപിടിക്കുന്നില്ല. ഇത്​ സർക്കാർ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version