ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഡല്‍ഹിയിലേക്ക് വീണ്ടും മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പിന്‍വലിച്ച, മൂന്ന് വിവാദകാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020ല്‍ ആരംഭിച്ച സമരത്തിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണിതെന്നും നേതാക്കള്‍ വ്യക്തമാക്കി. ചണ്ഡീഗഢിലെ കിസാന്‍ ഭവനില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച ദേശീയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും നാല് തൊഴില്‍ കോഡുകള്‍ക്കെതിരെയും കേന്ദ്ര തൊഴിലാളി സംഘടനകള്‍ 23ന് നടത്തുന്ന കരിദിനത്തില്‍ പങ്കെടുക്കാനും യോഗം തീരുമാനിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിറവേറ്റാത്ത സാഹചര്യത്തില്‍, ഹരിയാനയില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അടുത്തമാസം 15ന് ഡല്‍ഹിയില്‍ ചേരുന്ന ജനറല്‍ബോഡി യോഗത്തില്‍ ഭാവി പരിപാടികളില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഒക‍്ടോബര്‍ 10നാണ് ഹരിയാന ഫലം പ്രഖ്യാപിക്കുന്നത്. ഡല്‍ഹി മാര്‍ച്ച് എന്നാണെന്ന് തീരുമാനിക്കുന്നത് ഇതിന് ശേഷമായിരിക്കും.
ഡല്‍ഹി അതിര്‍ത്തിയിലെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ കര്‍ഷകര്‍ രോഷാകുലരാണ്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെയും കൃഷി ശാസ്തജ്ഞരുടെയും കര്‍ഷകരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. കാര്‍ഷിക ക്ഷേമ വകുപ്പ് സെക്രട്ടറി സഞ്ജയ് അഗര്‍വാളാണ് സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വത്തിന് ഉറപ്പു നല്‍കിയത്. ഇതൊന്നും നടപ്പായില്ല.