Site icon Janayugom Online

നവംബർ 26 ന് കര്‍ഷകര്‍ രാജ്ഭവനുകള്‍ വളയും

കേന്ദ്ര സര്‍ക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നവംബർ 26 ന് രാജ്യത്തുടനീളം രാജ്ഭവൻ മാർച്ചുകൾ നടത്താൻ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനം.
മാര്‍ച്ചുകളുടെയും ഗവർണർമാർക്ക് സമർപ്പിക്കേണ്ട മെമ്മോറാണ്ടത്തിന്റെയും അന്തിമരൂപം തയാറാക്കുന്നതിനായി നവംബർ 14 ന് ഡൽഹിയിൽ യോഗം ചേരുമെന്ന് എസ്‌കെഎം പ്രസ്താവനയിൽ പറഞ്ഞു. രാജ്ഭവൻ മാർച്ചുകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും എല്ലാ സംസ്ഥാനങ്ങളിലും മുന്നൊരുക്ക യോഗങ്ങൾ നടക്കുന്നുണ്ടെന്നും എസ്‍കെഎം നേതാക്കൾ അറിയിച്ചു. എസ്‌കെഎം കോർഡിനേഷൻ കമ്മിറ്റിയുടെയും ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെയും ഓൺലൈൻ യോഗത്തിലാണ് ആഹ്വാനം.
കർഷക നേതാക്കളായ അതുൽ കുമാർ അഞ്ജാൻ, ഹന്നൻ മൊള്ള, ദർശൻ പാൽ, യുധ്‌വീർ സിങ്, മേധാ പട്കർ, രാജാറാം സിങ്, സത്യവാൻ, അശോക് ധവാലെ, അവിക് സാഹ, സുഖ്ദേവ് സിങ്, രമീന്ദർ സിങ്, വികാസ് ശിശിർ, ഡോ. സുനിലം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വനസംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ വരുത്തുന്ന മാറ്റങ്ങളെയും കർഷക നേതാക്കൾ അപലപിച്ചു. നവംബർ 15 ന് രക്തസാക്ഷി ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് അവകാശങ്ങൾക്കായി പോരാടുന്ന ആദിവാസി സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി. 

Eng­lish Sum­ma­ry: Farm­ers will sur­round Raj Bha­vans on Novem­ber 26

You may like this video also

Exit mobile version