Site iconSite icon Janayugom Online

ആഗോള വാണിജ്യ കരാര്‍ ട്രാക്ടര്‍ റാലിയുമായി കര്‍ഷകര്‍

farmersfarmers

അന്താരാഷ്ട്ര വാണിജ്യ കരാറിന്റെ പരിധിയില്‍ നിന്നും കാര്‍ഷിക മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ വന്‍ പ്രതിഷേധം. രാജ്യവ്യാപകമായി വിവിധ ഹൈവേകളില്‍ സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം)യുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലികള്‍ നടത്തി. 

ഹൈവേകളിലെ ഗതാഗതത്തിന് തടസം സൃഷ്ടിക്കാതെയായിരുന്നു സമരം. അന്താരാഷ്ട്ര വാണിജ്യ സംഘടനയുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ പരിധിയില്‍ നിന്നും കാര്‍ഷിക മേഖലയെ ഒഴിവാക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഡബ്ല്യുടിഒ വിടുതല്‍ദിന സമര പരിപാടികള്‍ നടത്തിയത്. ഇന്ന് അബുദാബിയില്‍ ആരംഭിച്ച ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തില്‍ വിഷയം ഉയര്‍ത്താന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നു മണി വരെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. പഞ്ചാബിലും ഹരിയാനയിലുമായിരുന്നു മുഖ്യമായും കര്‍ഷകരുടെ ട്രാക്ടര്‍ റാലികള്‍. ഹോഷിയാര്‍പൂര്‍, ജലന്ധര്‍-ജമ്മു ഹൈവേ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു.

ഖനൗരി, ശംബു അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ തുടര്‍സമര പരിപാടികളുമായി 29 നാകും രംഗത്തെത്തുക.
സംസ്ഥാനത്ത് കര്‍ഷക സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്കും മറ്റ് ജില്ലകളില്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തി. 

Eng­lish Sum­ma­ry: Farm­ers with Glob­al Trade Agree­ment Trac­tor Rally

You may also like this video

Exit mobile version