ബിജെപി ഭരിക്കുന്ന കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഹരിയാനയിലെ കര്‍ഷകര്‍, തൊഴിലാളികള്‍, പഞ്ചായത്ത് പ്രസിഡന്റുമാരുടെ യൂണിയന്‍ എന്നിവര്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ഉണ്ടായ തിരിച്ചടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ബിജെപി സ്ഥാനാർത്ഥിയും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടറും കോൺഗ്രസിലെ ദിവ്യാൻഷു ബുദ്ധിരാജയും തമ്മിൽ നേരിട്ടുള്ള മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന കർണാൽ പാർലമെന്റ് മണ്ഡലത്തിലെ ഗ്രാമങ്ങളിലെ കർഷകർ, പ്രത്യേകിച്ച് സിഖുകാർ, ഖട്ടറിനെതിരായ പ്രതിഷേധവും കാവി പാർട്ടിയോടുള്ള വിദ്വേഷവും കൂടുതല്‍ ശക്തമാക്കി. ഇതൊരു സാധാരണ തെരഞ്ഞെടുപ്പല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. “നരേന്ദ്ര മോഡി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും അധികാരത്തില്‍ വരണമെന്നാണ് വന്‍കിട കോര്‍പറേറ്റുകള്‍ ആഗ്രഹിക്കുന്നത്. എങ്കിലേ രാജ്യത്തെ വിഭവങ്ങള്‍ അവര്‍ക്ക് കൈക്കലാക്കാനൊക്കൂ. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ അവര്‍ക്കൊപ്പമാണ്”- അഖില ഭാരതീയ കിസാന്‍ സഭ ഭിവാനി സെക്രട്ടറി ഓംപ്രകാശ് പറയുന്നു. മിനിമം താങ്ങുവില ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയത്, ഡല്‍ഹിയില്‍ നടന്ന ഗുസ്തി താരങ്ങളുടെയും ആശാവര്‍ക്കര്‍മാരുടെയും സമരം തുടങ്ങിയവ ബിജെപിക്കെതിരായ ജനവികാരം ആളിക്കത്തുന്നതിന് കാരണമായി. ബിജെപി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരെ നിരവധി ട്രാക്ടര്‍ റാലികളാണ് കര്‍ഷക സംഘടനകള്‍ ഹരിയാനയിലെ ഗ്രാമങ്ങളില്‍ സംഘടിപ്പിച്ചത്. ഈമാസം 25ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായായിരുന്നു ഇത്.
വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം നീണ്ട പ്രക്ഷോഭമാണ് കര്‍ഷകര്‍ നടത്തിയത്. കർഷക യൂണിയനുകളും വിവിധ തൊഴിലാളി സംഘടനകളും തങ്ങളുടെ ആവശ്യങ്ങൾക്കായി ദീർഘനാളായി പ്രക്ഷോഭം നടത്തി. എന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് പ്രതിപക്ഷ സ്ഥാനാർത്ഥികൾക്ക് ഇവരെല്ലാം പിന്തുണ നൽകുന്നത്.
കുരുക്ഷേത്രയിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ നേതാവുമായ അഭയ് ചൗട്ടാലയ്ക്ക് കര്‍ഷക നേതാക്കള്‍ പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചതിനുള്ള നന്ദി സൂചകമായാണ് കര്‍ഷകര്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത്. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സ്വീകാര്യനല്ലെന്നതുകൊണ്ട് കര്‍ണാല്‍ മണ്ഡലത്തില്‍ ബിഎസ്‌പിക്കാണ് കര്‍ഷകരുടെ പിന്തുണ. ബിജെപി അവിടെ മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയാണ് മത്സരിപ്പിക്കുന്നത്. മറ്റ് മണ്ഡലങ്ങളില്‍ ബിജെപിയെ തോല്പിക്കുന്നതിന് വോട്ട് ചെയ്യണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ചരുണി) പ്രസിഡന്റ് ഗുര്‍ണാംസിങ് ചരുണി വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധികാരം ഹരിയാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതാണ് അവരുടെ യൂണിയനെ ചൊടിപ്പിച്ചത്. അതുകൊണ്ട് ഹരിയാന സര്‍പഞ്ച് അസോസിയേഷന്‍ (എച്ച്എസ്എ) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി ഇഷാം സിങ് പറഞ്ഞു.