Site iconSite icon Janayugom Online

സ്റ്റാർലിങ്കില്‍ വേഗം കൂടും; പോക്കറ്റ് കീറും

ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ തുക നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമായിരുന്നു കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് സ്റ്റാര്‍ ലിങ്കിന് ലൈസൻസ് ലഭിച്ചത്. സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനം 12 മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചേക്കും. പരമ്പരാഗത ഫൈബർ, മൊബൈൽ നെറ്റ്‌വർക്കുകൾ പരിമിതമോ ലഭ്യമോ അല്ലാത്ത ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ ലോ-എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളിലൂടെ ഇന്റര്‍നെറ്റ് സേവനം എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന് സാധിക്കും. 600 മുതൽ 700 ജിബിപിഎസ് വരെ വേഗതയാണ് സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാർലിങ്ക് 100-ലധികം രാജ്യങ്ങളിൽ നിലവില്‍ റെസിഡൻഷ്യൽ, റോമിങ് പ്ലാനുകള്‍ നല്‍കുന്നുണ്ട്.

സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഏറ്റവും ചെലവ് കുറഞ്ഞ് ലഭ്യമാക്കിയിട്ടുളളത് സാംബിയയിലാണ്. സേവനം ലഭിക്കുന്ന ഏറ്റവും ചെലവേറിയ രാജ്യം യു.എസാണ്. ഏഷ്യയിൽ, മംഗോളിയ, ജപ്പാൻ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ, ജോർദാൻ, യെമൻ, അസർബൈജാൻ എന്നിവിടങ്ങളില്‍ സ്റ്റാർലിങ്കിന് ഏറെ പ്രചാരമുണ്ട്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ഭൂട്ടാനിലും ബംഗ്ലാദേശിലും സ്റ്റാര്‍ലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ഭൂട്ടാനിൽ റെസിഡൻഷ്യൽ ലൈറ്റ് പ്ലാനിന് ഏകദേശം 3,000 രൂപയും സ്റ്റാൻഡേർഡ് റെസിഡൻഷ്യൽ പ്ലാനിന് ഏകദേശം 4,200 രൂപയുമാണ് വില. ബംഗ്ലാദേശിൽ റെസിഡൻഷ്യൽ ലൈറ്റിന് ഏകദേശം 3,000 രൂപയും റെസിഡൻഷ്യൽ പ്ലാനിന് 4,000 രൂപയുമാണ് വില. മലേഷ്യയിൽ ഏകദേശം 2,600 രൂപയ്ക്ക് റെസിഡൻഷ്യൽ ലൈറ്റ് പ്ലാനും ഏകദേശം 4,600 രൂപയ്ക്ക് റെസിഡൻഷ്യൽ പ്ലാനും ലഭ്യമാണ്. ഫ്രാൻസിൽ, റെസിഡൻഷ്യൽ ലൈറ്റിന് 2,800 രൂപയും റെസിഡൻഷ്യൽ പ്ലാനിന് ഏകദേശം 4,000 രൂപയുമാണ് വില.

ഇന്ത്യയില്‍ പരിധിയില്ലാത്ത ഡാറ്റയ്ക്ക് പ്രതിമാസം 3,000 രൂപ വിലയും ഒറ്റത്തവണ ചെലവായി റിസീവർ കിറ്റിന് 33,000 രൂപയും ഈടാക്കും. തുടക്കത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പ്രതിമാസം 10 ഡോളറില്‍ താഴെ വിലയുള്ള (ഏകദേശം 850 രൂപ) പ്രൊമോഷണൽ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകളും കൊണ്ടുവന്നേക്കും. ഒരു സാറ്റലൈറ്റ് ഡിഷ്, വൈ-ഫൈ റൂട്ടർ എന്നിവ ഉൾപ്പെടുന്ന ഹാർഡ്‌വെയർ കിറ്റും സ്റ്റാർലിങ്ക് ഉപയോക്താക്കൾ വാങ്ങേണ്ടിവരും. യൂട്ടെൽസാറ്റ് വൺവെബിനും ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസിനും ശേഷം രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആമസോണിന്റെ കൈപ്പർ ലൈസന്‍സിനുളള അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഇതുകൂടി ചേരുന്നതോടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ നല്‍കുന്നതിന് നാല് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരമായിരിക്കും നടക്കുക. 

Exit mobile version