ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ നാല്പതുകാരനായ അച്ഛന് മൂന്ന് ജീവപര്യന്തവും, 90,000 പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപും അതിവേഗ പ്രത്യേക കോടതി. ഇതു കൂടാതെ വിവിധ വകുപ്പുകളിൽ 21 വർഷം കഠിനതടവും ഉണ്ട്. ഈ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
അച്ഛൻ എന്ന വിശ്വാസ്യതയ്ക്ക് പ്രതി കളങ്കമാണെന്ന് ജഡ്ജി ആർ രേഖ വിധിന്യായത്തിൽ പറഞ്ഞു. മകളെ സംരക്ഷിക്കേണ്ട അച്ഛൻ നീചമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളത്. ഇത്തരം പീഡനത്തിലൂടെ കുട്ടിയുടെ ബാല്യമാണ് നഷ്ടപ്പെട്ടത്, അതൊരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ലെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
2023 ജൂലൈ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ ഗൾഫിൽ ജോലി ചെയ്യുന്നതിനാൽ കുട്ടി പ്രതിയുടെ വീട്ടിലും അമ്മൂമ്മയുടെ (അമ്മയുടെ അമ്മ) വീട്ടിലും ആയിട്ടാണ് താമസം. അച്ഛനോടൊപ്പം വീട്ടിൽ താമസിക്കാൻ നിന്ന ദിവസങ്ങളിൽ ആണ് കുട്ടി പീഡനത്തിന് ഇരയായത്. ഫോൺ കാണിച്ചു തരാം എന്ന് പറഞ്ഞ് മുറിക്കുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. പ്രതിയുടെ വിരലുകൾ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് കടത്തിയതിനെ തുടർന്ന് ആ ഭാഗത്ത് പരിക്ക് ഏറ്റിരുന്നു. വേദനയുണ്ടെന്ന് കുട്ടി അമ്മൂമ്മയോട് പറഞ്ഞതിനെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് സ്വകാര്യഭാഗത്ത് ഗുരുതരമായ പരിക്കുണ്ടെന്ന് ഡോക്ടർ കണ്ടത്തിയത്. തുടര്‍ന്നാണ് അച്ഛൻ തന്നെ പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ വലിയതുറ പൊലീസിൽ പരാതിപ്പെട്ടു.
അച്ഛൻ മദ്യപിച്ച് വീട്ടിൽ വരുമ്പോൾ മോശമായി പെരുമാറാറുണ്ടെന്ന് കുട്ടിയുടെ 15 വയസുള്ള സഹോദരിയും മൊഴി നൽകിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അഖിലേഷ് ആർ വൈ ഹാജരായി. പൂന്തുറ എഎസ്ഐ ബീന ബീഗം, വലിയതുറ സിഐ രതീഷ് ജി എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. മാർച്ച് 29ന് വിചാരണ ആരംഭിച്ച കേസ് ഒരു മാസത്തിനുള്ളിൽ തന്നെ വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. കുട്ടിക്ക് ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
English Summary: Father accused of molesting six-year-old girl gets triple life sentence
You may also like this video