യുഎസിൽ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ പിതാവ് കണ്ഡുല ശ്രീകാന്ത് അന്തരിച്ചു. ജാന്‍വിയുടെ മരണത്തിനുള്ള 29 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര തുക ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ശ്രീകാന്തിന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണം. ആന്ധ്രാപ്രദേശിലെ കുർണൂല്‍ സ്വദേശിയാണ്. 2023 ജനുവരിയിൽ അമിതവേഗതയിലെത്തിയ പൊലീസ് കാറിടിച്ചാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്ന ജാൻവി കൊല്ലപ്പെട്ടത്.
ഈ കേസിൽ കുടുംബത്തിന് 29 മില്യൺ ഡോളർ നൽകാൻ സിയാറ്റിൽ സിറ്റി കൗൺസിൽ ഉത്തരവിട്ടിരുന്നു. പകടത്തിന് പിന്നാലെ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സിയാറ്റിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സംഭാഷണം വലിയ രാജ്യാന്തര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മകളുടെ മരണത്തിന് പിന്നാലെ നീതിക്കായുള്ള നിയമപോരാട്ടത്തിലായിരുന്നു ശ്രീകാന്ത്. മകളുടെ വേർപാടിൽ നിന്നുള്ള കടുത്ത മാനസിക വിഷമത്തിലായിരുന്നു അദ്ദേഹം എന്ന് ബന്ധുക്കൾ പറഞ്ഞു.

