Site iconSite icon Janayugom Online

മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരി; അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ കിരീടമണിഞ്ഞ് മടക്കം

മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കി. വിഡ്ഢിയെന്ന് പരസ്യമായി ആക്ഷേപിക്കപ്പെട്ട അതേ വേദിയിൽ വെച്ചാണ് ഫാത്തിമ കിരീടം ചൂടിയത്. തായ്‌ലൻഡിന്റെ പ്രവീണാർ സിങ്, വെനസ്വേലയുടെ സ്റ്റെഫാനി അബസായ്, ഫിലിപ്പീൻസിന്റെ മാ അതിസ മനാലോ, ഒലിവിയ യാസ് എന്നിവരാണ് യഥാക്രമം ഒന്നുമുതൽ നാലുവരെയുള്ള റണ്ണർഅപ്പുകൾ. തായ്‌ലൻഡിനെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രമോട്ട് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മിസ് യൂണിവേഴ്സ് തായ്‌ലൻഡ് നാഷണൽ ഡയറക്ടർ നവാത്, ഫാത്തിമയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്തുകൊണ്ടാണ് താനപ്രകാരം ചെയ്യാത്തതെന്ന് വിശദീകരിച്ച ഫാത്തിമ വേദി വിട്ടിറങ്ങിപ്പോയതോടെ സഹമത്സരാർത്ഥികളും അവരെ പിന്തുണച്ച് പിൻവാങ്ങിയിരുന്നു. തുടർന്ന് നവാത് മാപ്പു പറഞ്ഞതോടെയാണ് മത്സരാർത്ഥികൾ മടങ്ങിയെത്തി പരിപാടി തുടർന്നത്. 

കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി പൊരുതുന്ന ഫാഷൻ ഡിസൈനറാണ് ഫാത്തിമ. കുട്ടിക്കാലത്ത് ഡിസ്ലക്സിയയും എഡിഎച്ച്ഡിയും കണ്ടെത്തിയിരുന്നെങ്കിലും മുന്നോട്ടുള്ള യാത്രയിൽ വൈകല്യങ്ങൾ തടസ്സമായില്ല. വെല്ലുവിളികളെ അതിജീവിച്ച ഫാത്തിമ ടബാസ്കോയിൽ നിന്നുള്ള ആദ്യ മിസ് മെക്സിക്കോ ആയി. രണ്ടരക്കോടിയോളം രൂപയാണ് ഫാത്തിമയ്ക്ക് സമ്മാനമായി ലഭിക്കുക. ഇതിനുപുറമെ, പ്രതിമാസം 44 ലക്ഷം രൂപയോളം ശമ്പളമായും, ന്യൂയോർക്ക് നഗരത്തിൽ അതിമനോഹരമായ വീടും ലഭിക്കും. 2026ൽ അടുത്ത വിശ്വസുന്ദരിയെ പ്രഖ്യാപിക്കുന്നത് വരെ ഫാത്തിമയ്ക്ക് കിരീടം സൂക്ഷിക്കാം. 44 കോടിയിലേറെ രൂപയാണ് ഈ കിരീടത്തിന്റെ വില. വിശ്വസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ മെക്സിക്കൻ വനിതയാണ് ഫാത്തിമ. ആന്‍ഡ്രിയ മെസ (2020), സിമേന നവാർത് (2010), ലുപിത ജോൺസ് (1991) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ.

Exit mobile version