Site iconSite icon Janayugom Online

ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ ഭാഗമായി ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയം; വയോധികൻ ജീവനൊടുക്കി

ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന ഭയത്തിൽ കൊൽക്കത്തയിൽ വയോധികൻ ജീവനൊടുക്കി. ധകൂരിയയിലെ സ്വകാര്യ സ്കൂളിൽ അനധ്യാപകനായിരുന്ന ദിലീപ് കുമാർ സാഹ(63) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഭാര്യ ആരതി സാഹ പലതവണ വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മരുമകളെ വിളിച്ചു വരുത്തി. തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ ദിലീപ് കുമാറിനെ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

കുറച്ചുകാലമായി അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് ഭാര്യ പറഞ്ഞു. എൻ ആർ സി നടപ്പാക്കിയാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് ഭർത്താവ് ഭയന്നിരുന്നതായി ആരതി സാഹ വ്യക്തമാക്കി. 1972ൽ ധാക്കയിലെ നവാബ്ഗഞ്ചിൽ നിന്നാണ് ദിലീപ് കൊൽക്കത്തയിൽ എത്തിയത്. ദിലീപ് കുമാറിൻ്റെ വീട്ടിലെത്തിയ വൈദ്യുതി മന്ത്രിയും തൃണമൂൽ കോൺഗ്രസ് എം എൽ എയുമായ അരൂപ് ബിശ്വാസ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കപ്പെടുമെന്ന ഭയമായിരുന്നു ദിലീപ് കുമാറിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് അരൂപ് ബിശ്വാസ് പറഞ്ഞു. പൗരത്വ രജിസ്റ്റർ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ മനോഭാവത്തിന്റെ പ്രതീകമാണെന്നും അതിൻ്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version