Site iconSite icon Janayugom Online

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; വൈഎസ്ആര്‍ നേതാവ് മുന്‍ഡ്രൈവറെ കൊലപ്പെടുത്തി

മുന്‍ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും ആന്ധ്ര എംഎല്‍സിയുമായ അനന്ത സത്യ ഉദയ ഭാസ്‌കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ രഹസ്യങ്ങളും മറ്റും വെളിപ്പെടുത്തുമെന്ന ഭയം കാരണമാണ് അനന്ത ഭാസ്‌കര്‍ ഡ്രൈവര്‍ സുബ്രഹ്മണ്യത്തെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ 19 ന് രാത്രി ഒമ്പതരയോടെ സുബ്രഹ്മണ്യം അനന്ത ഭാസ്‌കറിനെ കാണാനെത്തിയിരുന്നു. 20 ന് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍ മരിച്ചതാണെന്ന് പറഞ്ഞ് മൃതദേഹം കൈമാറുകയായിരുന്നു. സുബ്രഹ്മണ്യത്തിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സര്‍പ്പവരം പൊലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

മരിച്ചയാളുടെ കാലിനും കൈയ്ക്കും തലയ്ക്കും സ്വകാര്യ ഭാഗങ്ങളിലും സാരമായ പരിക്കുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അപകടമാണ് മരണകാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ കാറില്‍ നിന്ന് തള്ളിയിട്ട ശേഷം അനന്തഭാസ്‌കര്‍ സുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
സുബ്രഹ്മണ്യത്തിന് നേതാവിന്റെ രഹസ്യങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും അറിയാമായിരുന്നുവെന്ന് പറയുന്നു. രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയം കാരണമാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Eng­lish Summary:Fear of leak­ing secrets; YSR leader kills for­mer driver
You may also like this video

Exit mobile version