വീട്ടുകാരറിയാതെ കാറിൽ കറങ്ങിയ യുവാവും യുവതിയും പൊലീസിനെ വട്ടംകറക്കി. താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ഓപ്പറേഷൻ ഡി ഹണ്ട് പരിശോധനയുടെ ഭാഗമായി പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയി. വണ്ടിയിൽ മയക്കുമരുന്നെന്ന സംശയത്താൽ പൊലീസ് കാറിനെ പിന്തുടർന്നു. ഇടയ്ക്ക് വെച്ച് കാർ തിരിച്ച് താമരശ്ശേരി ഭാഗത്തേക്ക് നീങ്ങി. വിടാതെ പൊലീസും പിന്തുടർന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപമെത്തിയപ്പോൾ കാർ റോഡിലെ ബ്ലോക്കിൽ കുടുങ്ങി. ഉടൻ വലതു ഭാഗത്തെ പോക്കറ്റ് റോഡിലേക്ക് തിരിച്ച് കാർ അതിവേഗം നീങ്ങി.
വിടാതെ പൊലീസും കുതിച്ചു. ഒടുവിൽ റോഡരികിൽ കിടന്ന കരിങ്കല്ലിൽ തട്ടി കാർ നിന്നു. ജീപ്പിൽ നിന്നും ചാടിയിറങ്ങിയ പൊലീസ് സംഘം കാർ ഡ്രൈവറെ പിടികൂടി. യാത്രക്കാരെയും കാറിനകത്തും പരിശോധിച്ചെങ്കിലും ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. എന്തിനാണ് കാർ നിർത്താതെ പോയതെന്ന ചോദ്യത്തിന് യുവാവ് ഒടുവിൽ സത്യം വെളിപ്പെടുത്തി. കാറിലുണ്ടായിരുന്ന യുവതി പെൺസുഹൃത്താണെന്നും വീട്ടുകാരറിയാതെ തന്നോടൊപ്പം കറങ്ങാനിറങ്ങിയതാണെന്നും ഇയാൾ പറഞ്ഞു. വീട്ടിലറിയുമെന്ന ഭയം കൊണ്ടാണ് കാർ നിർത്താതെ പോയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഒടുവിൽ വീട്ടുകാരും നാട്ടുകാരുമെല്ലാം വിവരം അറിയുകയായിരുന്നു. ഇരുവരെയും ബന്ധുക്കൾക്കൊപ്പം അയച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവം താമരശ്ശേരിയിൽ അരങ്ങേറിയത്.
English Summary:Fear of the police; The young man and the young woman, who went for a walk without the knowledge of the family, surrounded the police
You may also like this video