Site iconSite icon Janayugom Online

കടുവാപ്പേടി; ഉറക്കമില്ലാതെ സർവാണി

തങ്ങൾ പോറ്റി വളർത്തുന്ന കന്നുകാലികളുടെ ജീവനുവേണ്ടി സ്വന്തം ജീവൻ പണയം വെച്ചും കാത്തിരിക്കുകയാണ് സർവ്വാണി നിവാസികൾ. വന്യമൃഗങ്ങളിൽ നിന്നു വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ തീ കൂട്ടിയിട്ട് ഉറക്കമാഴിഞ്ഞിരിക്കേണ്ട ഗതികേടാണിവർക്ക്. തിരുനെല്ലി സർവാണിയിലെ പല ക്ഷീരകർഷകരും ദിവസങ്ങളായി ഉറങ്ങിയിട്ടില്ല. കണ്ണൊന്നു തെറ്റിയാൽ ജീവനോപാധിയായ വളർത്തുമൃഗങ്ങളെ കടുവ പിടിക്കുമെന്ന പേടിയാണവർക്ക്. തൊഴുത്തിൽ ലൈറ്റുകളിട്ടും പറമ്പിൽ തീ കൂട്ടിയിട്ടും കടുവയെ അകറ്റാനായി കഴിയുകയാണവർ. ഇങ്ങനെ ഉറക്കമൊഴിയുന്നവരുടെ കൂട്ടത്തിൽ സർവാണി കോളനിയിലെ 97കാരിയായ ചോമിയും 78കാരനായ സോമനും ഉൾപ്പെടെ നിരവധി പേരുണ്ട്. നാടെല്ലാം ഉറങ്ങുമ്പോൾ വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി ഉറക്കമൊഴിയുകയാണ് സർവാണി. അടിക്കടി വളർത്തു നായ്ക്കളെ കാണാതായതോടെയാണ് പ്രദേശവാസികൾ ശ്രദ്ധിച്ചു തുടങ്ങിയത്. നായ്ക്കളെ വിട്ടു തൊഴുത്തിലുള്ള ആടുകളേയും പശുക്കളേയും കടുവ ലക്ഷ്യം വെക്കുമോ എന്ന പേടിയാണ് പ്രദേശത്തെ കർഷകർക്ക്. ക്ഷീരകർഷകർ കൂടുതലായുള്ള പ്രദേശമാണിത്. കഴിഞ്ഞ മാസം ആദ്യവാരം വയലിൽ മേയുകയായിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. പനവല്ലി സർവാണി മാനിക്കൊല്ലി ലക്ഷ്മിയുടെ നാലര വയസ്സുള്ള പശുവാണ് അന്ന് ചത്തത്. കന്നുകാലികളെ തീറ്റുകയായിരുന്ന സോമന്റെ മുന്നിൽവെച്ചാണ് കടുവ പശുവിനെ ആക്രമിച്ചത്. വയോധികനായ സോമൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ കടുവ തന്നെയാണ് പ്രദേശത്ത് ഭീതി വിതക്കുന്നത് എന്നാണ് പ്രദേശവാസികൾ കരുതുന്നത്. 

കടുവകളിൽ നിന്ന് സംരക്ഷണം നൽകാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.‘വനപാലകരെ കുറ്റം പറയുന്നില്ല. വിവരം പറഞ്ഞാൽ അവർ വരും പടക്കംപൊട്ടിച്ചും മറ്റും തിരിച്ചു പോകും’- പ്രദേശവാസിയായ ബാബു പറഞ്ഞു. നമുക്കിവിടെ മനഃസമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ല. എന്റെ സ്വന്തം വീട്ടിലെ മൂന്നു വളർത്തു നായ്ക്കളേയാണ് കടുവ കൊന്നത്. നമുക്ക് എല്ലാവർക്കും സമാധാനത്തോടെ ജീവിക്കണം. ഇതിനൊരു വഴി വനംവകുപ്പ് ഒരുക്കിയേ പറ്റൂ’- ബാബുവിന്റെ അഭിപ്രായം തന്നെയാണ് മറ്റുള്ളവർക്കും. 2023ൽ സർവാണിയുടെ സമീപ പ്രദേശമായ പനവല്ലിയിൽ മാസങ്ങളോളം കടുവ ഭീതിവിതച്ചിരുന്നു. ജൂൺമാസം ആദണ്ടയിൽ കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയതോടെ കടുവഭീതി അകന്നെന്നു കരുതി കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിൽ വീണ്ടും ഇതേ കടുവയെത്തി. നോർത്ത് വയനാട് വനം ഡിവിഷനിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ എൻഡബ്ല്യു എന്ന കടുവയായിരുന്നു ഇത്. ഈ കടുവയെത്തന്നെ സെപ്റ്റംബർ മാസം പനവല്ലി സെയ്‌ന്റ് മേരീസ് ദേവായത്തിന് സമീപം സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയതോടെയാണ് ജനങ്ങളുടെ ഭീതിയകന്നത്. അന്ന് ഇറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ഈ സ്ഥിതി ഉണ്ടാവാതിരിക്കാൻ വനപാലകർ ജാഗ്രത പാലിക്കണമെന്നും ജനങ്ങൾക്കു സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് സർവാണി നിവാസികൾ ആവശ്യപ്പെടുന്നത്.

Exit mobile version