Site iconSite icon Janayugom Online

ഉത്സവം നടക്കില്ലെന്ന ആശങ്കയില്‍ ഏഴ് സ്ത്രീകള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

d eathd eath

ജാതി വിവേചനം സംബന്ധിച്ച തര്‍ക്കം കാരണം ഉത്സവം നടക്കില്ലെന്ന ആശങ്കയില്‍ ഏഴ് സ്ത്രീകള്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലാണ് സംഭവം. വെപ്പമരത്തൂരിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന വിഷമം കാരണം പായസത്തില്‍ വിഷം ചേര്‍ത്ത് കഴിക്കുകയായിരുന്നെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ പറയുന്നു. ഇവരെല്ലാം പ്രദേശത്തെ പ്രബല ജാതിയില്‍പ്പെട്ടവരും ഒരു കുടുംബത്തില്‍ നിന്നുള്ളവരുമാണ്. 

ഇവരുടെ കുടുംബാംഗമായ സുരേഷ് വിവാഹം കഴിച്ചത് ഒരു പട്ടികജാതിയില്‍പ്പെട്ട യുവതിയെയാണ്. 2010ല്‍ ആയിരുന്നു വിവാഹം. ഇതേ തുടര്‍ന്ന് ഗ്രാമത്തിലെ മറ്റുള്ളവര്‍ സുരേഷിന്റെ കുടുംബത്തിന് സമൂഹിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മാരിയമ്മന്‍ കോവിലിലെ ഉത്സവത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍ സുരേഷിന്റെ ഭാര്യ സുധ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച്‌ മാത്രമേ ഉത്സവം നടത്താനാവൂ എന്ന് അധികൃതര്‍ ഉത്തരവിട്ടു. ഇത് കാരണം പത്ത് വര്‍ഷമായി കുംഭാഭിഷേകം നടക്കുന്നില്ല. എന്നാല്‍ ഇത്തവണ ഉത്സവം നടത്താന്‍ തീരുമാനിച്ചെങ്കിലും സുരേഷിന്റെ കുടുംബത്തിനെ പണപ്പിരിവില്‍ നിന്ന് ഒഴിവാക്കി. ഇതേ തുടര്‍ന്ന് സുധയും സുരേഷും വീണ്ടും ജില്ലാ ഭരണകൂടത്തിന് പരാതി സമര്‍പ്പിച്ചു. ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന അഭ്യൂഹം പരന്നു. തുടര്‍ന്നാണ് സുരേഷിന്റെ കുടുംബത്തില്‍പ്പെട്ട ഏഴ് സ്ത്രീകള്‍ വിഷം കഴിച്ചത്. തങ്ങളുടെ കുടുംബം കാരണം ഉത്സവം മുടങ്ങുമെന്ന വിഷമത്തിലാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
വിഷം കഴിച്ച സ്ത്രീകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Fear­ing that the fes­ti­val would not take place, sev­en women tried to com­mit sui­cide by con­sum­ing poison

You may also like this video

Exit mobile version