Site icon Janayugom Online

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം; മാതൃഭാഷയ്ക്കുവേണ്ടി ഒരുദിനം

അന്താരാഷ്ട്ര മാതൃഭാഷാദിനം (IMLD) എല്ലാ ഭാഷകളുടെയും സംരക്ഷണം ഉറപ്പുവരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 1999ല്‍ യുനെസ്കോ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷദിനമായി പ്രഖ്യാപിക്കുകയും 2000 ഫെബ്രുവരി 21 മുതല്‍ ലോകമെമ്പാടും അത് ആചരിച്ചുവരികയും ചെയ്യുന്നു.

ആശയം ഉണ്ടായത്
ഇങ്ങനെയൊരു ദിനം ആചരിക്കുവാനുള്ള ആശയം ഉടലെടുത്തത് ബംഗ്ലാദേശിലാണ്. 1948ല്‍ പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഉറുദു ഭാഷ ദേശീയ ഭാഷയായി പ്രഖ്യാപിക്കുകയുണ്ടായി. അന്ന് ഭൂരിപക്ഷം ജനങ്ങളും സംസാരിക്കുന്നത് ബംഗ്ലായൊ ബംഗാളിയൊ ആയിരുന്നു. ബംഗ്ലാദേശിലെ (പഴയ കിഴക്കന്‍ പാകിസ്ഥാന്‍) ജനങ്ങള്‍ 1952 ഫെബ്രുവരി 21ന് ബംഗ്ലാ ഭാഷയുടെ അംഗീകാരത്തിനായി പോരാട്ടം തുടങ്ങി. ആ പോരാട്ടം അഞ്ച് പേരുടെ രക്തസാക്ഷിത്വത്തിലാണ് അവസാനിച്ചത്. ബംഗ്ലാദേശികളുടെ ഭാഷാ പ്രസ്ഥാനത്തിനും തുടര്‍ന്നുണ്ടായ രക്തച്ചൊരിച്ചിലിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് യുനെസ്കോ അന്താരാഷ്ട്ര മാതൃഭാഷാദിനം എന്ന ആശയം ഒരു പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കിയത്. ചുരുക്കത്തില്‍ ബംഗ്ലാദേശികളുടെ മാതൃഭാഷയോടുള്ള ബഹുമാനവും സ്നേഹവുമാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കംകുറിച്ചതെന്ന് മനസിലാക്കാം.
ചരിത്രം
മാതൃഭാഷയ്ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ചരിത്രത്തിലെ അപൂര്‍വ സംഭവമായിരുന്നു പാകിസ്ഥാനില്‍ നടന്നത്. 1948 ഫെബ്രുവരി 23ന് കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള ധീരേന്ദ്രനാഥ് ദത്തയാണ് പാകിസ്ഥാന്‍ ഭരണഘടനാ അസംബ്ലിയില്‍ ഈ ആവശ്യം ആദ്യമായുന്നയിച്ചത്. തുടര്‍ന്ന് വലിയ പ്രതിഷേധവും റാലികളും മറ്റുമുണ്ടായി. അവരെ പരാജയപ്പെടുത്താന്‍ പാക് സര്‍ക്കാര്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു. എന്നാല്‍ ധാക്കാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതുജന പിന്തുണയോടെ വമ്പിച്ച റാലികളും യോഗങ്ങളും സംഘടിപ്പിച്ചു. 1952 ഫെബ്രുവരി 21ന് പൊലീസ് പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്. ഷഫീര്‍ റഹ്മാന്‍ തുടങ്ങി അഞ്ചുപേര്‍ രക്തസാക്ഷികളാവുകയും നൂറുകണക്കിന് ജനങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രഖ്യാപനവഴി

വര്‍ഷങ്ങള്‍ക്ക് ശേഷം 1998ല്‍ കാനഡാ നിവാസികളായ രണ്ട് ബംഗ്ലാദേശികള്‍, റഫീഖുല്‍ ഇസ്‌ലാമും, അബ്ദുസ്‌ലാമും ചേര്‍ന്ന് യുനെസ്കോയുടെ അന്നത്തെ ജനറല്‍ സെക്ര‍ട്ടറിയായിരുന്ന കോഫി അന്നന് ഒരു കത്തെഴുതുകയുണ്ടായി. ഒരു അന്താരാഷ്ട്ര മാതൃഭാഷാദിനം പ്രഖ്യാപിച്ചുകൊണ്ട് ലോകഭാഷകളെ വംശനാശത്തില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കണമെന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ധാക്കയില്‍ നടന്ന കൊലപാതകങ്ങളുടെ സ്മരണക്കായി ഫെബ്രുവരി 21 എന്ന തീയതി അവര്‍ നിര്‍ദേശിക്കുകയും ചെയ്തു. തക്കസമയത്ത് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ ഇടപെടലിലൂടെ ബംഗ്ലാദേശ് സര്‍ക്കാര്‍ യുനെസ്കോയ്ക്ക് ഒരു ഔപചാരികനിര്‍ദേശവും സമര്‍പ്പിച്ചു. അങ്ങനെ യുനെസ്കോയുടെ 30-ാമത് ജനറല്‍ അസംബ്ലി രക്തസാക്ഷികളുടെ സ്മരണയ്ക്കായി ഫെബ്രുവരി 21 ലോകമെമ്പാടും അന്താരാഷ്ട്ര മാതൃഭാഷാദിനമായി പ്രഖ്യാപിക്കുവാന്‍ തീരുമാനിക്കുകയാണുണ്ടായത്.
ബംഗ്ലാദേശികള്‍ അന്താരാഷ്ട്ര മാതൃഭാഷാദിനം അവരുടെ ദുരന്തദിനങ്ങളിലൊന്നായി ആചരിച്ചുവരുന്നു. രക്തസാക്ഷികളോടുള്ള അഗാധമായ ദുഃഖവും ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നതിനായവര്‍ ‘ഷഹീദ് മിനാര്‍’ എന്ന ഒരു സ്മാരകവും നിര്‍മ്മിക്കുകയുണ്ടായി.
അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളുകളില്‍ കുട്ടികള്‍ എടുക്കേണ്ട മാതൃഭാഷാ പ്രതിജ്ഞ.
മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്
എന്റെ ആകാശമാണ്
ഞാന്‍ കാണുന്ന നക്ഷത്രമാണ്
എന്നെ തഴുകുന്ന കാറ്റാണ്
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്
ഏത് നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.

Exit mobile version