Site iconSite icon Janayugom Online

ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചു; എല്ലാ മത്സരങ്ങളും റദ്ദാക്കി

ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച് കായിക മന്ത്രാലയം. മേല്‍നോട്ട സമിതി ഫെഡറേഷന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഏറ്റെടുക്കും. ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ നടത്താനിരുന്ന ജനറൽ കൗൺസിൽ യോഗം റദ്ദാക്കി. എല്ലാ മത്സരങ്ങളും തല്‍ക്കാലത്തേക്ക് റദ്ദാക്കി. മത്സരാര്‍ത്ഥികളില്‍നിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, അൻഷു മാലിക്, ബജ്‌റംഗ് പുനിയ, രവികുമാർ ദാഹിയ എന്നിവരുൾപ്പെടെ മുന്‍ നിര താരങ്ങളാണ് ഫെഡറേഷനെതിരെ സമരരംഗത്തെത്തിയിരുന്നത്. ബിജെപി എംപിയും ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങും പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിക്കാറുള്ളതായി വിനേഷ് ഫോഗട്ട് അടക്കം ആരോപിച്ചിരുന്നു.

ലൈംഗികാതിക്രമ ആരോപണങ്ങളും ക്രമക്കേടുകളും അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ സമിതി അന്വേഷണം പൂര്‍ത്തിയാക്കും. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം ഗുരുതര ആരോപണ വിധേയനെങ്കിലും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ കയ്യൊഴിയാന്‍ ബിജെപി തയ്യാറായിട്ടില്ല. പിന്തുണയുമായി പാര്‍ട്ടി എംഎല്‍എമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. എംഎല്‍എമാരായ അജയ് സിംഗ്, പാല്‍തു റാം എന്നിവരാണ് ബിജെപിയുടെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള എംപി കൂടിയായ ബ്രിജ് ഭൂഷണെ സന്ദര്‍ശിച്ചത്. ബ്രിജ്ഭൂഷന്റെ മകന്‍ പ്രതീക് ഭൂഷനും യുപിയിലെ എംഎല്‍എയാണ്.

സമരംചെയ്ത ഗുസ്തിതാരങ്ങള്‍ക്ക് രഹസ്യ അജണ്ടയുണ്ടെന്നാണ് ഗുസ്തി ഫെഡറേഷന്‍ മറുപടി നല്‍കിയിട്ടുള്ളത്. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ഫെഡറേഷന് അഞ്ചംഗസമിതിയുണ്ടെന്ന് ഫെഡറേഷന്‍ കേന്ദ്രത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. പ്രതിഷേധിച്ച താരങ്ങളില്‍നിന്ന് പരാതികിട്ടിയിട്ടില്ല. ഫെഡറേഷനെയും പ്രസിഡന്റിനെയും പരിശീലകരെയും ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്നും മറുപടിയില്‍ പറയുന്നു.

Eng­lish Sum­ma­ry: Fed­er­a­tion’s gen­er­al body meet­ing in Ayo­d­hya can­celled after Sports Min­istry’s over­sight committee
You may also like this video

Exit mobile version