കാസർഗോഡ് കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ചതിനെ തുടർന്ന് 15ഓളം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിൽ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാടുള്ള ബോംബെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ്മയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഷവർമ്മക്ക് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നീ കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റ് കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടു. പോലീസ് സ്ഥലത്തെത്തി ഹോട്ടലിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം പിടികൂടുന്നതിനുള്ള പരിശോധനകൾ കാര്യക്ഷമമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

