Site iconSite icon Janayugom Online

ഡല്‍ഹിയിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഫീസ് നിരക്ക് കൂട്ടി

പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി ഫീസ് നിരക്ക് വര്‍ധിപ്പിച്ച് രാജ്യതലസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങള്‍. സമീപ ദിവസങ്ങളിലാണ് നിരവധി പ്രമുഖ വിദ്യാലയങ്ങള്‍ മുന്‍കൂര്‍ അനുമതി തേടാതെ നിരക്ക് ഉയര്‍ത്തിയത്. അന്യായമായ ഫീസ് വര്‍ധനവിനെതിരെയും രേഖ ഗുപ്ത സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയും രക്ഷിതാക്കള്‍ രംഗത്തെത്തി. ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍, മഹാരാജ അഗ്രസെന്‍ പബ്ലിക്, ഇന്ദ്രപ്രസ്ഥാ ഇന്റര്‍നാഷണല്‍, ബിര്‍ള വിദ്യാ നികേതന്‍ തുടങ്ങിയ വിദ്യാലയങ്ങളാണ് ഫീസ് ഉയര്‍ത്തിയത്. നിരക്ക് വര്‍ധന നീതികരിക്കാനാവില്ലെന്നും സൂതാര്യമല്ലെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു. എഎപി സര്‍ക്കാരിന്റെ ഭരണകാലത്ത് ഏകപക്ഷീയമായ ഫീസ് നിരക്ക് വര്‍ധന ഉണ്ടായിട്ടില്ല. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതോടെയാണ് അനിയന്ത്രിതമായ രീതിയില്‍ ഫീസ് നിരക്ക് വര്‍ധിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേട് കാരണമാണ് സ്വകാര്യ വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ജനരോഷം ഉയര്‍ന്നതിന് പിന്നാലെ ഫീസ് നിരക്ക് വര്‍ധിപ്പിച്ച നടപടിയില്‍ വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചതായി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് അറിയിച്ചു. ഡല്‍ഹിയിലെ 1,677 സ്വകാര്യ വിദ്യാലയങ്ങളുടെ ഓഡിറ്റ് നടത്തുമെന്നും മന്ത്രി പ്രതികരിച്ചു.

തീവെട്ടിക്കൊള്ളയാണ് പല സ്കൂള്‍ മാനേജ്മെന്റുകളും നടത്തുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മഹാരാജ അഗ്രസെന്‍ മോഡല്‍ പബ്ലിക് സ്കൂളില്‍ 2021–22 മുതല്‍ എല്ലാ വര്‍ഷവും ഫീസ് വര്‍ധിപ്പിക്കുകയാണെന്ന് രക്ഷിതാവായ പങ്കജ് ഗുപ്ത പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അനുമതിയില്ലാതെയാണ് അന്യായമായി ഓരോ വര്‍ഷവും 50 മുതല്‍ 100 ശതമാനം വരെയാണ് ഫീസ് വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിര്‍ള വിദ്യാനികേതനില്‍ എയര്‍ കണ്ടിഷന്‍ സ്ഥാപിച്ചുവെന്ന് കാട്ടി 64,000 ആയിരുന്ന ഫീസ് 80,000 മായി വര്‍ധിപ്പിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു. ഡല്‍ഹിയിലെ 1,677 അംഗീകൃത സ്വകാര്യ വിദ്യാലയങ്ങളില്‍ 335 സ്കൂളുകള്‍ മാത്രമേ ഫീസ് വര്‍ധിപ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളു. ബാക്കിയുള്ള മുഴുവന്‍ സ്കൂളുകളും അന്യമായ രീതിയിലാണ് വര്‍ഷം തോറും ഫീസ് വര്‍ധിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ചെലവ് താങ്ങാന്‍ സാധിക്കാതെ രാജ്യത്തെ 44 ശതമാനം രക്ഷിതാക്കളും കടുത്ത സാമ്പത്തിക ഭാരം പേറുന്നതായി ലോക്കല്‍ സര്‍ക്കിള്‍ എന്ന സംഘടന നടത്തിയ സര്‍വേ കണ്ടെത്തിയിരുന്നു. 50 മുതല്‍ 80 ശതമാനം വരെവര്‍ധനവാണ് സ്വകാര്യ സ്കൂളുകള്‍ ഈടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Exit mobile version