മുംബൈയിൽ ഫോൺ മോഷണം തടയുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് യുവാവിന് കാൽ നഷ്ടപ്പെട്ടു. മുംബൈയിലെ ഷോപ്പിങ് മാളിൽ സെയിൽസ് ബോയ് ആയി ജോലി ചെയ്യുന്ന റിതേഷ് യെരുൻകറിനാണ് അപകടം സംഭവിച്ചത്. 27കാരനായ പ്രതി കൈലാഷ് ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ലഹരി വസ്തുക്കൾക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
ജോലി കഴിഞ്ഞ ശേഷം ഞായറാഴ്ച്ച രാത്രി 11 മണിക്ക് താനെ സ്റ്റേഷനിൽ നിന്നും റിതേഷ് ട്രെയിനിൽ കയറി. റിതേഷ് ലഗേജ് കംപാർട്ട്മെന്റിൽ ഫോണിൽ വീഡിയോ കണ്ടിരിക്കുകയായിരുന്നു. ട്രെയിൻ സ്റ്റേഷനിൽ നിന്നെടുത്തപ്പോൾ പ്രതി റിതേഷിന്റെ ഫോൺ തട്ടിയെടുത്ത് പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു. പ്രതിയെ പിൻതുടർന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടുന്നതിനിടയിൽ കാൽ വഴുതി ട്രെയിനിന്റെ ചക്രത്തിനിടയിൽ കുടുങ്ങിയാണ് റിതേഷിന് കാൽ നഷ്ടപ്പെട്ടത്. പ്രതിക്കെതിരെ മോഷണക്കുറ്റത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്ലാറ്റ്ഫോമിലേക്ക് ചാടുന്നതിനിടയിൽ പ്രതി കൈലാഷിനും തലയ്ക്ക് പരിക്കേറ്റിരുന്നു.

