Site iconSite icon Janayugom Online

ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തലചുറ്റി വീണു; സ്ത്രീക്ക് ദാരുണാന്ത്യം

ട്രെയിനിന്റെ വാതിലിനരികില്‍ നിന്നു യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്കു തലചുറ്റിവീണ പാലക്കാട് സ്വദേശിനിയ്ക്ക് ദാരുണാന്ത്യം. ആലത്തൂര്‍ എരിമയൂര്‍ സൂര്യന്‍കുളമ്പ് ബാലചന്ദ്രന്റെ ഭാര്യ പുഷ്പലതയാണ് (54) മരിച്ചത്. ഭാര്യ വീഴാന്‍ തുടങ്ങുന്നതു കണ്ട ബാലചന്ദ്രന്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചങ്ങല വലിച്ചു നിര്‍ത്തുമ്പോഴേക്കു ട്രെയിന്‍ ഒരു കിലോമീറ്ററോളം മുന്നോട്ടു പോയിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പോയ ശേഷം എറണാകുളം — പാലക്കാട് മെമുവില്‍
വീട്ടിലേക്കു മടങ്ങുന്നതിനിടെ ഒല്ലൂര്‍ നസ്രാണിപ്പാലത്തു ട്രെയിന്‍ എത്തിയപ്പോള്‍ പുഷ്പലത ട്രാക്കിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.

പരിഭ്രമിച്ചു ട്രാക്കിലേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ടാക്കിലേക്ക് വീണ് ബാലചന്ദ്രനും പരുക്കേറ്റു. ഇതു വകവയ്ക്കാതെ ട്രാക്കിലൂടെ ഓടിയാണ് ഭാര്യയുടെ അടുത്തെത്തിയത്. നെടുപുഴ പൊലീസ് എത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇയര്‍ ബാലന്‍സുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മൂലം പുഷ്പലതയ്ക്കു തലചുറ്റലുണ്ടാകാറുണ്ടെന്നു ബാലചന്ദ്രന്‍ പൊലീസിനോടു പറഞ്ഞു.

Exit mobile version