Site iconSite icon Janayugom Online

സ്പിന്‍ കെണിയില്‍ വീണു; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 213 റണ്‍സിന് പുറത്ത്

പാകിസ്ഥാനെതിരെ വമ്പന്‍ വിജയം നേടിയിറങ്ങിയ ഇന്ത്യക്ക് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ശ്രീലങ്കയുടെ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (33) എന്നിവരാണ് ചെറുത്തുനിന്ന മറ്റുതാരങ്ങള്‍. 

രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. 12-ാം ഓവറില്‍ ഗില്ലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തില്‍ നിന്ന് 19 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. പിന്നാലെ മൂന്ന് റണ്‍സുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍ വിരാട് കോലിയും മടങ്ങി. തുടര്‍ന്ന് രോഹിത്തും വെല്ലാലഗെയുടെ മുന്നില്‍ വീണു. ഇതോടെ ഇന്ത്യ സമ്മര്‍ദത്തിലേക്ക് വീണു (91–3). പിന്നീട് കെ എല്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്ന് ഇന്നിങ്സിനെ പടുത്തുയര്‍ത്താനുള്ള ശ്രമമായിരുന്നു. 63 റണ്‍സാണ് സഖ്യം നാലാം വിക്കറ്റില്‍ ചേര്‍ത്തത്. 39 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി വെല്ലാലഗെ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. 

വൈകാതെ തന്നെ ഇഷാന്‍ കിഷനും മടങ്ങി. 33 റണ്‍സെടുത്ത ഇഷാന്‍ അസലങ്കയ്ക്ക് വിക്കറ്റ് നല്‍കിയാണ് കളം വിട്ടത്. ഹാര്‍ദിക് പാണ്ഡ്യയെ (5) തന്റെ സ്പെല്ലിലെ അവസാന പന്തില്‍ പുറത്താക്കിയാണ് വെല്ലാലഗെ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചത്. അക്സര്‍ പട്ടേല്‍ മാത്രമാണ് പിന്നീട് അല്പമെങ്കിലും പിടിച്ചുനിന്നത്. രവീന്ദ്ര ജഡേജ (4), ജസ്പ്രിത് ബുംറ (5), കുല്‍ദീപ് യാദവ് (0) എന്നിവരുടെ വിക്കറ്റുകളും അസലങ്ക സ്വന്തമാക്കി. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യന്‍ ടീമില്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ഇടംനേടിയപ്പോള്‍ ഷാര്‍ദുല്‍ ഠാക്കൂറിന് സ്ഥാനം നഷ്ടമായി.

Eng­lish Summary:Fell into the spin trap; India bowled out for 213 runs against Sri Lanka
You may also like this video

Exit mobile version