പൊലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ കത്തും ചോക്ലേറ്റും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച്ച പുലർച്ചെയാണ് സംഭവം. ട്രെയിനിൽ യാത്ര ചെയ്യവേ കണ്ണൂരിൽ എത്തിയപ്പോഴാണ് പെൺകുട്ടി ട്രെയിനിൽ നിന്നിറങ്ങി റെയിൽവേപോലീസ് സ്റ്റേഷനിൽ ഒരു പൊതിവെച്ച് അതേ വണ്ടിയിൽ കയറി യാത്രതുടർന്നത്. പുലർച്ചെ ആറുമണിയോടെ തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്സ്പ്രസിൽ നിന്നിറങ്ങിയ പെൺകുട്ടി ഒന്നാം പ്ലാറ്റ്ഫോമിലെ റെയിൽവേ പോലീസ് സ്റ്റേഷനിൽ ഓടിക്കയറി മേശപ്പുറത്ത് ഒരു പൊതിവച്ചത്.
പോലീസ് പൊതി അഴിച്ചുനോക്കിയപ്പോൾ ഒരു കുറിപ്പും ചോക്ലേറ്റും. കുറിപ്പിൽ ഇങ്ങനെയായിരുന്നു. “നന്ദി പ്രിയപ്പെട്ട കേരള പോലീസേ, അർദ്ധരാത്രി പട്രോളിംഗ് നടത്തിയ ആ ആളുകൾ എന്നെ വളരെയധികം സംരക്ഷിച്ചതായി തോന്നി” എന്നുള്ള ഇംഗ്ലീഷിലുള്ള കുറിപ്പാണ് പൊലീസിനു നൽകിയത്.
പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു. പെൺകുട്ടി തീവണ്ടിയിൽ നിന്ന് ഇറങ്ങുന്നതും പൊതി മേശമേൽവെച്ച് ഓടി വണ്ടിയിൽ കയറുന്നതും കണ്ടു. കാസർകോട് ഭാഗത്തേക്ക് യാത്രചെയ്ത പെൺകുട്ടിയെക്കുറിച്ച് കൂടുതലൊന്നും പോലിസിന് അറിയില്ല.
കുട്ടിയെഴുതിയ കുറിപ്പിനെക്കുറിച്ച് പോലീസ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു: ഇതുപോലെ നമ്മുടെ മക്കളുടെ ഒരു വാക്ക് മതി. ഞങ്ങൾക്ക് അഭിമാനം- കേരള പോലീസ്. യാത്രയിൽ എവിടെ നിന്നെങ്കിലും ലഭിച്ച സുരക്ഷയായിരിക്കാം ഈ സ്നേഹത്തിന് പിന്നിലെന്ന് അവർ കരുതുന്നു.

