ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങി വനിതാ എസ്ഐ. വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. തമിഴ്നാട് പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളാണ് വനിതാ എസ്ഐക്കെതിരെ പരാതി നല്‍കിയത്. ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ വനിതാ ഇൻസ്പെക്ടർ മങ്കമ്മാളിനോടും കുടുംബത്തോടും 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ മങ്കമ്മാളിന്റെ 16കാരി മകൾ വിവാഹിതയായിരുന്നു. അതേ ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമായിരുന്നു വിവാഹം. ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ ആശുപത്രി അധികൃതർ വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിക്കുകയും ഇതോടെ സാമൂഹിക ക്ഷേമ ഓഫിസർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹത്തെക്കുറിച്ചും ഗർഭത്തെക്കുറിച്ചും പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ വീരമ്മാളിനെ വിവരമറിയിക്കുകയുമായിരുന്നു. ഇരുകുടുംബങ്ങളെയും വിളിപ്പിച്ച വീരമ്മാള്‍ കുടുംബങ്ങൾക്കെതിരെ ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നൽകാൻ മങ്കമ്മാൾ തയാറായില്ല. സംഭവം വിജിലൻസിനെ അറിയിച്ചു. തുടര്‍ന്ന് കെണിയൊരുക്കി. കൈക്കൂലി നൽകാമെന്ന് മങ്കമ്മാൾ വീരമ്മാളിനെ അറിയിച്ചു. പണം വാങ്ങുന്നതിനിടെ വീരമ്മാളിനെ കയ്യോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ വീരമ്മാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

