Site iconSite icon Janayugom Online

വനിതാഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി രക്തം കുത്തിവെച്ചു; മുൻ കാമുകന്റെ ഭാര്യയുൾപ്പെടെ നാല് പേർ അറസ്റ്റിൽ

ആന്ധ്രപ്രദേശിൽ വനിതാ ഡോക്ടറുടെ ശരീരത്തിൽ എച്ച്ഐവി ബാധിച്ച രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമകളെ വെല്ലുന്ന ക്രൂരമായ പ്രതികാര ബുദ്ധിയോടെ നടപ്പിലാക്കിയ കൃത്യത്തിൽ മുഖ്യപ്രതിയായ ബി. ബോയ വസുന്ധര, നഴ്സായ കോങ്കെ ജ്യോതി, സഹായികളായ രണ്ട് യുവാക്കൾ എന്നിവരാണ് പിടിയിലായത്.

മുഖ്യപ്രതി വസുന്ധരയും ഇരയായ ഡോക്ടറുടെ ഭർത്താവും പണ്ട് പ്രണയത്തിലായിരുന്നു. ഇയാൾ പിന്നീട് മറ്റൊരു വിവാഹം കഴിച്ചതോടെ തന്റെ ജീവിതം തകർത്തത് ഈ ഡോക്ടറാണെന്ന പക വസുന്ധരയിൽ ഉടലെടുത്തു. സ്വകാര്യ ആശുപത്രിയിൽ നഴ്സായ ജ്യോതിയുടെ സഹായത്തോടെയാണ് വസുന്ധര എച്ച്ഐവി ബാധിതരായ രോഗികളുടെ രക്തസാമ്പിളുകൾ സംഘടിപ്പിച്ചത്. ഗവേഷണ ആവശ്യത്തിനെന്ന വ്യാജേനയാണ് രക്തം കൈക്കലാക്കിയത്. ഈ രക്തം വീര്യം നഷ്ടപ്പെടാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചു.
ജനുവരി 24ന് ഡോക്ടർ സഞ്ചരിച്ചിരുന്ന വഴിയിൽ വെച്ച് രണ്ട് യുവാക്കളുടെ സഹായത്തോടെ പ്രതികൾ കൃത്രിമമായി ഒരു റോഡപകടം സൃഷ്ടിച്ചു. അപകടത്തെത്തുടർന്നുണ്ടായ ബഹളത്തിനിടയിൽ ആൾക്കൂട്ടത്തിനിടയിലൂടെ വസുന്ധര എത്തി ഡോക്ടറുടെ ശരീരത്തിലേക്ക് രോഗബാധിതമായ രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഡോക്ടർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവന്നത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മാരകമായ രോഗാവസ്ഥ ബോധപൂർവ്വം മറ്റൊരാളിലേക്ക് പടർത്താൻ ശ്രമിച്ചതിന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരയായ ഡോക്ടർ നിലവിൽ സർക്കാർ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ അണുബാധ തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ സംഘം. 

Exit mobile version