Site iconSite icon Janayugom Online

വനിതാ നഴ്സുമാരോട് അപമര്യാദയായി പെരുമാറി; എയിംസിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു

വനിതാ നഴ്സുമാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡല്‍ഹി എയിംസിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിന്റെ മേധാവി ഡോ. എ കെ ബിസോയിക്കെതിരെയാണ് നടപടി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തിയതായി അധികൃതർ അറിയിച്ചു. നഴ്സുമാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ലൈംഗിക പീഡനം, അസഭ്യമായ ഭാഷ ഉപയോഗിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളാണ് ബിസോയിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. സെപ്റ്റംബര്‍ 30നാണ് നഴ്സുമാര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നത്.

ബിസോയിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എയിംസ് നഴ്സ് യൂണിയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നഴ്സുമാർ ആവശ്യപ്പെട്ടു. നഴ്സ് യൂണിയന്റെ ഭാഗത്തു നിന്ന് വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന് അറിയിച്ചതോടെ എയിംസ് അധികൃതർ ചർച്ചയ്ക്ക്തയ്യാറായി. തുടർന്ന് പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ഡോ. ബിസോയിയെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിനിർത്തുകയും ചെയ്തു. 

വകുപ്പിന്റെ താൽക്കാലിക ചുമതല മറ്റൊരു ഡോക്ടർക്ക് നൽകിയതായും അധികൃതർ വ്യക്തമാക്കി. നഴ്സുമാരുടെ പ്രതിഷേധവും ഐക്യദാർഢ്യവും ഫലപ്രദമായ നടപടിക്ക് വഴിവച്ചതായി യൂണിയൻ അംഗങ്ങൾ പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതിയും തുടർനടപടികളും ശ്രദ്ധാപൂർവം നിരീക്ഷിക്കുമെന്നും അവർ അറിയിച്ചു.

Exit mobile version