രക്ഷാപ്രവർത്തനത്തിന് സജ്ജമാകാനൊരുങ്ങി പെൺപടയും. പെൺകരുത്തിന്റെ ചരിത്രം കുറിച്ച് തൃശൂരിലെ ഫയർ ആന്റ് റെസ്ക്യൂ അക്കാദമിയിൽ ആദ്യമായി പരിശീലനത്തിന് ‘ഫയർ വുമണു‘കൾ എത്തും. നൂറോളം വരുന്ന സ്ത്രീകളുടെ രക്ഷാപ്രവർത്തന പരിശീലനം ഈ മാസം 26 മുതൽ ആരംഭിക്കും. 1956ൽ ആരംഭിച്ചതു മുതൽ പുരുഷന്മാരുടെ കുത്തകയായിരുന്ന ഫയർ ഫോഴ്സിൽ എത്തുന്ന വനിതകളെ സ്വീകരിക്കാൻ വിയ്യൂരിലെ അക്കാദമിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ജില്ലകളിലായി 79 പേർ ഉൾപ്പെട്ട ലിസ്റ്റിൽ 70 പേരോളം ഇതുവരെ നിയമന ഉത്തരവ് കൈപ്പറ്റി പരിശീലനത്തിന് ഒരുങ്ങിക്കഴിഞ്ഞു. നിലവിൽ പുരുഷ പരിശീലകർ മാത്രമുള്ള അക്കാദമിയിൽ വനിതകൾക്കായി ഇന്ത്യൻ റിസർവ് ബറ്റാലിയനിൽനിന്ന് (ഐആർബി) വനിതാപരിശീലകർ എത്തും. അവരുടെ മേൽനോട്ടത്തിലാണ് കായിക പരിശീലനങ്ങൾ നടക്കുക. ഐആർബിയുടെ ഭൗതിക ക്രമീകരണങ്ങളും പരിശീലനത്തിന് ഉപയോഗിക്കും. ബേസിക് ലൈഫ് സപ്പോർട്ട്, ഫോറസ്റ്റ് ഫയർ, വാട്ടർ ആന്റ് റെസ്ക്യു ടെക്നിക്, റോപ്പ്സ് ആൻഡ് റെസ്ക്യു, ഫസ്റ്റ് എയ്ഡ്, ഫയർ ഫൈറ്റിങ്, സ്കൂബാ ഡൈവിങ്, ഹൊറിസോണ്ടൽ ആൻഡ് വെർട്ടിക്കൽ റോപ്പ് റെസ്ക്യു, മൗണ്ടനിങ്, കമാൻഡോ ബ്രിഡ്ജ്, ബർമ ബ്രിഡ്ജ് തുടങ്ങിയ ശാസ്ത്രീയ സജ്ജീകരണങ്ങളോടു കൂടിയ പരിശീലനങ്ങളും അപകട സന്ദർഭങ്ങളിൽ പ്രഥമശുശ്രൂഷ നൽകൽ, താത്കാലിക സുരക്ഷാകേന്ദ്രങ്ങൾ നിർമിക്കൽ, എൽപിജി കെമിക്കൽ ലീക്കേജ് നേരിടുന്നത്, ജനത്തിരക്ക് നിയന്ത്രണം എന്നിവയിലും പരിശീലനം നൽകും. തിയറി ക്ലാസുകൾക്കു ഫയർഫോഴ്സിലെ ഉയർന്ന ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും. ഏറ്റവും കൂടുതൽ പരിശീലന കാലയളവുള്ള സേനാവിഭാഗമാണു ഫയർ ആന്റ് റെസ്ക്യൂവിന്റേത്. അക്കാദമിയിൽ 150 പ്രവൃത്തിദിനങ്ങളും ആറുമാസം കേരളത്തിലെ വിവിധ ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനുകളിലുമായി ഒരു വർഷമാണു പരിശീലന കാലയളവ്. അക്കാദമിയിലെ പരിശീലനത്തിനുശേഷമാണ് പാസിങ് ഔട്ട് പരേഡ്. ആകെ 417പേരാണ് ഫയർ വുമൺ കായികപരീക്ഷ വിജയിച്ചത്. ഇവരിൽ 263 പേർ മുഖ്യപട്ടികയിലും 154 പേർ ഉപപട്ടികയിലും ഉൾപ്പെട്ടു. എന്നാൽ നീന്തൽ പരീക്ഷ ഭൂരിഭാഗം പേർക്കും കടമ്പയായി. ഇതിൽ കൂടി വിജയിച്ചവരെയാണ് അന്തിമ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്. 20, 000 — 45,800 രൂപയാണ് ഫയർ വുമൺ തസ്തികയിലേക്കുള്ള ശമ്പള സ്കെയിൽ. പ്ലസ്ടു അടിസ്ഥാനയോഗ്യതയുള്ള തസ്തികയിലേക്ക് ഉയർന്ന വിദ്യാഭ്യാസമുള്ളവരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
english summary; Female police to be ready for rescue operations; Academy is ready for ‘firewoman’ training
you may also like this video;

