Site icon Janayugom Online

രാസവള ദൗര്‍ലഭ്യം: അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്

രണ്ടാം വിള കൃഷി സമയത്ത് ആവശ്യമായ രാസവളങ്ങൾ ലഭ്യമാകാത്തത് കേരളത്തിൽ അതിരൂക്ഷമായ കാർഷിക പ്രതിസന്ധിയും കർഷകർക്ക് ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നു കൃഷിമന്ത്രി പി പ്രസാദ്. നിലവിലെ സാഹചര്യം മറികടക്കാൻ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് രാസവസ്തു — രാസവളം വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡ്യയോട് മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. രാസവളത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ സംസ്ഥാനങ്ങളിലെ കൃഷി വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനത്തിന്റെ സ്ഥിതി മന്ത്രി പി പ്രസാദ് അറിയിച്ചത്.

കോവിഡ് മഹാമാരിക്കൊപ്പം കേരളത്തിലുണ്ടായ വിവിധ പ്രകൃതിക്ഷോഭങ്ങളും കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാക്കി. ഇതു തരണം ചെയ്യാൻ കൃഷി പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാവിധ സാഹചര്യങ്ങളും കർഷകർക്ക് ലഭ്യമാക്കണമെന്നും മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. സംയോജിത കൃഷി രീതിയാണ് കേരളത്തിൽ അവലംബിച്ചു വരുന്നത്. കൃഷി പ്രോത്സാഹനത്തിനായി സംസ്ഥാന സർക്കാർ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. കർഷക വരുമാനം 50 ശതമാനമെങ്കിലും വർധിപ്പിച്ച് അവരെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുക എന്നതാണ് സർക്കാർ നയം. സംയോജിത വളപ്രയോഗ രീതിയ്ക്ക് കേരളം പ്രാധാന്യം നൽകുന്നതിനാൽ രാസവള ലഭ്യത ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം ഉള്ള രാസവളങ്ങൾ കേരളത്തിന് അനുവദിച്ചുകിട്ടുന്നില്ല. അനുവദിച്ചുകിട്ടിയാൽ തന്നെ അവ കൃത്യസമയത്ത് കേരളത്തിൽ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്. യൂറിയ, ഡൈ അമോണിയം ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തിന് ആവശ്യമായ അളവിൽ ലഭ്യമായിട്ടില്ല. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദനം നടക്കുന്ന രണ്ടാം വിള സമയത്തും മൂന്നാം വിള സമയത്തും രാസവളങ്ങൾ ലഭ്യമാകാത്തതിൽ കർഷകർ ഏറെ ആശങ്കയിലാണെന്നും മന്ത്രി അറിയിച്ചു.

eng­lish sum­ma­ry: Fer­til­iz­er short­age: Agri­cul­ture Min­is­ter P Prasad urges imme­di­ate action

you may also like this video;

Exit mobile version