Site icon Janayugom Online

ഉത്സവബത്ത ഉയര്‍ത്തി സമയബന്ധിത വിതരണം ഉറപ്പാക്കണം

സംഘടിത മേഖലയിലെ ജീവനക്കാരും തൊഴിലാളികളും ഓണം ഉള്‍പ്പെടെയുള്ള ഉത്സവക്കാലത്ത് നിയമപരമായ ബോണസ്, ഉത്സവകാലബത്ത എന്നിവ ലഭിക്കുന്നവരാണെങ്കിലും ലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികള്‍ അതൊന്നും ലഭിക്കാത്തവരോ നാമമാത്ര തുകമാത്രം വാങ്ങുകയോ ചെയ്യേണ്ടിവരുന്നവരാണ്. വര്‍ഷം മുഴുവന്‍ തൊഴിലെടുക്കുന്നവരും തങ്ങളുടേതല്ലാത്ത കാരണത്താല്‍ നിയമപരമായി ലഭിക്കേണ്ട ജോലിപോലും കിട്ടാത്തവരും നാമമാത്രമായ ഉത്സവബത്ത കൈപ്പറ്റുന്നവരായുണ്ട്. തൊഴിലുറപ്പ്, സ്കൂള്‍ പാചകം, ഗാർഹികമേഖല, വഴിയോര കച്ചവടം, കുടിയേറ്റ മേഖല, പീടികകളും കച്ചവടസ്ഥാപനങ്ങളും, വനം വകുപ്പിലെ വാച്ചർമാർ, റേഷൻ വ്യാപാരതൊഴിലാളികൾ, സ്പെഷ്യൽ സ്കൂൾ ജീവനക്കാർ എന്നീ വിഭാഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശപ്രകാരം ഉത്സവകാല ബത്തയ്ക്ക് അര്‍ഹരാണെങ്കിലും പല കാരണങ്ങളാലും അത് ലഭിക്കാതിരിക്കുകയോ നാമമാത്ര തുക കൈപ്പറ്റേണ്ടിവരികയോ ചെയ്യുന്നുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബോണസ് തീരുമാനിക്കേണ്ട സ്വകാര്യ തൊഴില്‍ സംരംഭങ്ങളില്‍ ഉടമസ്ഥരുടെ അലംഭാവം കാരണം അര്‍ഹമായ ബോണസ് ലഭിക്കാത്ത സ്ഥിതിവിശേഷവും പതിവാണ്. കേന്ദ്ര നിയമപ്രകാരം നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴിലുള്ള തൊഴിലാളികള്‍ക്ക് അവരുടേതല്ലാത്ത കാരണത്താല്‍ നിയമപ്രകാരം അനുവദനീയമായ നൂറുദിവസം തൊഴില്‍ ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭിച്ചതിന്റെ ദേശീയ ശരാശരി 50 ദിവസമാണ്. കേരളത്തില്‍ ഒരു വ്യക്തിക്ക് ലഭിച്ച ശരാശരി തൊഴില്‍ ദിനത്തിന്റെ എണ്ണം 64 ആയിരുന്നു. ആദ്യഘട്ടങ്ങളില്‍ 100 ദിനം തൊഴില്‍ ലഭിച്ചവര്‍ക്കാണ് ഉത്സവബത്ത അനുവദിച്ചിരുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതില്‍ വരുത്തുന്ന വീഴ്ച കാരണം തൊഴില്‍ ദിനങ്ങളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശരാശരി 75 ദിവസം തൊഴില്‍ ലഭിച്ചവര്‍ക്ക് ഉത്സവബത്ത നല്കുന്നതിന് തീരുമാനിക്കുകയുണ്ടായി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അലംഭാവം തുടരുകയും ധനലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ ശരാശരി തൊഴില്‍ ദിനം 64 ആയി കുറഞ്ഞുപോയത്. അതുകൊണ്ടുതന്നെ 75 ദിവസമെന്ന ശരാശരി കണക്കാക്കി ഉത്സവ ബത്ത അനുവദിക്കുവാന്‍ തീരുമാനിച്ചാല്‍ മുന്‍വര്‍ഷം ലഭിച്ച പലര്‍ക്കും കിട്ടാത്ത അവസ്ഥയാണ് ഇത്തവണയുണ്ടാകുക.


ഇതുകൂടി വായിക്കൂ: പൂര്‍ണ സ്വരാജ് ഉയര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി


ഈ സാഹചര്യത്തില്‍ ഉത്സവ ബത്തയ്ക്ക് അര്‍ഹതയുള്ള ശരാശരി തൊഴില്‍ ദിനം 50 ആക്കണമെന്ന ആവശ്യമാണ് എഐടിയുസി ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനകള്‍ ഉന്നയിച്ചിരിക്കുന്നത്. തുച്ഛമായ വേതനത്തിനാണെങ്കിലും സ്കൂള്‍ പ്രവൃത്തിദിനം മുഴുവന്‍ തൊഴിലെടുക്കുന്നവരാണ് പാചക തൊഴിലാളികള്‍. 20,000 ത്തോളം വരുന്ന ഇവര്‍ക്ക് 1300 രൂപയാണ് ഉത്സവബത്തയായി അനുവദിച്ചിരുന്നത്. ഇതു വര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടാകുന്നില്ല. പണപ്പെരുപ്പത്തിന്റെയും വന്‍ വിലക്കയറ്റത്തിന്റെയും ഇക്കാലത്ത് നാമമാത്രമായ തുകയ്ക്കു പകരം മതിയായ ഉത്സവബത്ത അനുവദിക്കണമെന്ന ആവശ്യവും തൊഴിലാളികളില്‍ നിന്നുയരുന്നുണ്ട്. അതുപോലെതന്നെയാണ് തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരുടെ ദയനീയാവസ്ഥ. ഉഭയകക്ഷി ചര്‍ച്ചകളുടെയും സ്ഥാപനത്തിന്റെ വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള ബോണസ് അനുവദിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഉടമസ്ഥര്‍ ഏകപക്ഷീയമായി നിശ്ചയിക്കുന്ന നാമമാത്ര ബോണസ് കൈപ്പറ്റേണ്ട സ്ഥിതിയാണ് പല തൊഴിലാളികളും നേരിടുന്നത്. വിഷയം തൊഴിലാളി സംഘടനകള്‍ ഏറ്റെടുക്കുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യാറുണ്ടെങ്കിലും ചര്‍ച്ചയ്ക്ക് സന്നദ്ധമാക്കുന്നതിനും പ്രശ്നങ്ങള്‍ക്ക് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ ഗൗരവത്തോടെയുള്ള ഇടപെടലുകളുണ്ടാകാത്ത സ്ഥിതിയുമുണ്ട്.


ഇതുകൂടി വായിക്കൂ: യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്


ബോണസ് വിഷയത്തില്‍ ഈ വിധത്തില്‍ പല പ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചത് ശുഭോദര്‍ക്കമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണെങ്കിലും പൊതുമേഖലാ — സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള ബോണസ് നിയമപ്രകാരം ലഭ്യമാക്കുന്നതിനുള്ള തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉണ്ടായിട്ടുണ്ട്. അവ നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥതലത്തില്‍ ജാഗ്രതയുണ്ടാകുന്നതോടൊപ്പംതന്നെ സമയബന്ധിതമായി ആനുകൂല്യം നല്കുന്നുവെന്നുറപ്പുവരുത്തുന്നതിനും ശ്ര‍ദ്ധിക്കേണ്ടതുണ്ട്. കൂടാതെ സ്വകാര്യ — അസംഘടിത മേഖലയിലുള്ളവര്‍ക്ക് ഇപ്പോള്‍ അനുവദിക്കുന്ന ഉത്സവബത്ത കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനും കാലവിളംബമില്ലാതെ വിതരണം ചെയ്യുന്നതിനുമുള്ള തീരുമാനങ്ങള്‍ ഉദ്യോഗസ്ഥ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഉണ്ടാക്കുന്നതിനുള്ള കര്‍ശനമായ നിര്‍ദ്ദേശവും സര്‍ക്കാര്‍ തലത്തിലുണ്ടാകണം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ അടച്ചുപൂട്ടിയിരിക്കുന്ന അഞ്ചു മില്ലുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ഉത്സവകാലത്ത് സാമ്പത്തികാനുകൂല്യം നല്കുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

You may also like this video;

Exit mobile version