മത്സരം ആരംഭിച്ചപ്പോൾ ആശാൻമാരും ആശാത്തിമാരും വേദിക്ക് പുറത്ത് തുടി കെട്ടിയും പാട്ടു പാടിയും ആവേശം പകർന്നു. ഇതോടെ കാസർക്കോട്ടെ മലവേട്ടുവ, മാവില സമുദായങ്ങളുടെ പാട്ടും താളവും തേക്കിൻകാട്ടിലെ മൂന്നാം വേദിയായ ‘നീലക്കുറിഞ്ഞി’യിൽ അലയടിച്ചു. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർക്കോട്ട് നിന്ന് സംസ്ഥാന കലോത്സവ വേദിയിലേക്കെത്തിയ മംഗലം കളി മൂന്ന് വർഷങ്ങൾക്ക് ശേഷം ശരിക്കും ക്ലിക്ക്ഡ് ആയി. ഹൈസ്കൂൾ വിഭാഗത്തിൽ 20 ടീമുകൾ മാറ്റുരച്ചു. 14 ജില്ലകളിൽ നിന്നുള്ള ഒന്നാം സമ്മാന ജേതാക്കളായ ടീമുകൾക്കൊപ്പം അപ്പീൽ വഴിയെത്തിയ ആറു ടീമുകളും ഇത്തവണ വേദിയിലെത്തി. പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചണിനിരന്ന് മാറ്റുരച്ച മത്സരത്തിൽ മംഗലം കളിയുടെ തട്ടകമായ കാസർകോട് വെള്ളച്ചാലിലെ ഗവ. മോഡൽ റെസിഡന്റ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നെത്തിയത് 12 ആൺകുട്ടികളാണ്. മത്സരത്തിൽ പങ്കെടുത്തവരെല്ലാം മലവേട്ടുവ, മാവില സമുദായക്കാരായതിനാൽ പ്രത്യേക പരിശീലനം ആവശ്യമായിരുന്നില്ലെന്ന് അധ്യാപകനായ നിഖിലേഷ് പറഞ്ഞു. മംഗലം കളിയിൽ ഉപയോഗിക്കുന്ന തൊപ്പികൾ കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് നിർമിച്ച് നൽകിയത്.
മത്സരാവേശം അണപൊട്ടി ഒഴുകുന്നതിനിടെ ചില വിദ്യാർത്ഥികൾ തളർന്നു വീഴുകയും ചെയ്തു. കോഴിക്കോട് നാദാപുരം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികളാണ് തളർന്നു വീണത്. ഇതോടെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകി. മംഗലം കളിയുടെ ദൈർഘ്യവും ശാരീരിക അധ്വാനവുമാണ് വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ കാരണമായത്. 20 ടീമുകളിൽ 17 ടീമുകൾ എ ഗ്രേഡ് സ്വന്തമാക്കി.
മലവേട്ടുവ, മാവില സമുദായക്കാർ വിവാഹം, കാതുകുത്ത്, ചോറൂൺ തുടങ്ങിയ ചടങ്ങുകളിൽ പരമ്പരാഗതമായും ആചാരപരമായും അവതരിപ്പിച്ചു വരുന്ന ഒരു ഗോത്രവർഗ കലാരൂപമാണ് മംഗലം കളി. പ്ലാവ്, കുമ്പിൾ തുടങ്ങിയ മരങ്ങളിൽ കാട്ടുമൃഗങ്ങളുടെ തൊലി ഉപയോഗിച്ച് നിർമിക്കുന്ന തുടിയാണ് ഇതിലെ പ്രധാന വാദ്യോപകരണം. ഏറെക്കാലം അവഗണിക്കപ്പെട്ടിരുന്ന ഗോത്രകലകളിലൊന്നാണ് മംഗലംകളി. ‘മുന്നാഴി നെല്ലുകൊണ്ടോ പുരുളി… ഉപ്പുമേടിക്കേണ്ടേ… ചെപ്പുമേടിക്കേണ്ടേ…’ എന്ന ചോദ്യവാക്യം തന്നെ ആഘോഷത്തിനപ്പുറം പോരാട്ടത്തിന്റെ ഭാഷയായി മാറുന്നതാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രകലകളുടെ മഹോത്സവമായി മാറുകയാണ് വേദി മൂന്ന് തെക്കിൻക്കാട്ടെ ‘നീലക്കുറിഞ്ഞി’യിൽ. ആദ്യ ദിനത്തിൽ പണിയ നൃത്തവും രണ്ടാം ദിനമായ ഇന്നലെ മംഗലം കളിയും അരങ്ങേറിയപ്പോൾ, മൂന്നാം ദിനമായ ഇന്ന് മലപുലയ ആട്ടവും നാളെ ഇരുള നൃത്തവുമാണ് വേദിയെ സമ്പന്നമാക്കുക.
നീലക്കുറിഞ്ഞിയിൽ ഗോത്ര കലകളുടെ മഹോത്സവം: മംഗലം കളി ക്ലിക്ക്ഡ്

