Site iconSite icon Janayugom Online

ഉത്സവ സീസണ്‍: അമിതനിരക്ക് ഈടാക്കുന്ന ബസുകൾക്കെതിരെ നടപടി

Private busPrivate bus

ഉത്സവ സീസണിൽ യാത്രക്കാരില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന അന്തര്‍സംസ്ഥാന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് സംസ്ഥാനാന്തര യാത്രകളിൽ ഭീമമായ നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നിയമം ലംഘിച്ച് ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്തം ബസ് ഉടമകൾക്കായിരിക്കും. ഉത്സവ സീസണിലെ വാഹന പരിശോധനയ്ക്കായി സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും.

കോൺട്രാക്ട് കാരിയേജ് വാഹനങ്ങളില്‍ സ്പീഡ് ഗവർണറിലും ജിപിഎസിലും കൃത്രിമം കാണിച്ച് അധിക സ്പീഡിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. അവധിക്കാലവും ഉത്സവ സീസണും പ്രമാണിച്ച് കൂടുതൽ ബസ് സർവീസ് നടത്താനും നിർദേശം നൽകി. ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Fes­tive sea­son: Action against over­charg­ing buses

You may also like this video

Exit mobile version