Site iconSite icon Janayugom Online

ഫീറ്റസ് ഇൻ ഫീറ്റോ; 20 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ

20 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിന്റെ വയറ്റിൽ വളർന്ന രണ്ട് ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ശസ്ത്രക്രിയ നടന്നത്. വയറു വീർത്തതിനെത്തുടർന്ന് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഫീറ്റസ് ഇൻ ഫീറ്റോ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥയുടെ ആദ്യ ഘട്ടം ഇരട്ടക്കുട്ടികൾ ജനിക്കുന്നതിന് സമാനമാണ്. ബീജസങ്കലനത്തിന് ശേഷം ഒരു ഭ്രൂണം അമ്മയുടെ ഗർഭപാത്രത്തിൽ സാധാരണരീതിയിൽ വളരുമ്പോൾ മറ്റൊന്ന് ആദ്യത്തെ കുഞ്ഞിനുള്ളിൽ പറ്റിപ്പിടിച്ച് വളരാൻ തുടങ്ങുന്നു. ലോകത്ത് ഇതുവരെ 200ൽ താഴെ കേസുകൾ മാത്രമാണ് ഈ അവസ്ഥയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കേസിൽ, ഗർഭം ധരിച്ച മൂന്ന് കുട്ടികളിൽ രണ്ടെണ്ണമാണ് ഈ കുട്ടിയുടെ വയറ്റിൽ വളർന്നത്. കുട്ടിയുടെ കരൾ, കിഡ്നി, ആമാശയം എന്നിവിടങ്ങളിൽ പറ്റിപ്പിടിച്ച് വളർന്നതിനാൽ ശസ്ത്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു. 15 ഡോക്ടർമാരുടെ സംഘം രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭ്രൂണങ്ങൾ വിജയകരമായി നീക്കം ചെയ്തത്. നിലവിൽ കുട്ടി ആരോഗ്യവാനാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് സർജൻ ഡോ. ആനന്ദ് സിൻഹ പറഞ്ഞു.

Exit mobile version