Site iconSite icon Janayugom Online

പകർച്ചപ്പനി എച്ച്3 എന്‍2 പടരുന്നു

രാജ്യത്ത് പകര്‍ച്ചപ്പനി വ്യാപകമായതോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ഗുരുതരമായ രോഗലക്ഷണങ്ങളാണ് പനിബാധിതരില്‍ കണ്ടുവരുന്നത്. പനി, ശ്വാസ തടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി സംസ്ഥാനങ്ങളില്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് എച്ച്3എൻ2 വൈറസാണ് പകര്‍ച്ചപ്പനിക്ക് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. വൈറസ് ബാധയേറ്റവര്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പനി, ജലദോഷം, കഫക്കെട്ട് അടക്കമുള്ള ലക്ഷണങ്ങളുമായി രോഗികൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ആന്റീബയോട്ടിക് ചികിത്സ കുറയ്ക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ചെറിയ അണുബാധകള്‍ക്ക് പോലും കൃത്യമായ ഡോസ് പാലിക്കാതെ ആളുകള്‍ ആന്റീബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് അസിത്രോമൈസിൻ, ഐവർമെക്റ്റിൻ എന്നിവ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് മരുന്നിന്റെ ഫലം കുറച്ചുവെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.

കോവിഡിനു സമാനമായ രോഗലക്ഷണങ്ങളാണെങ്കിലും എച്ച്3എൻ2വിന് കോവിഡുമായി ബന്ധമൊന്നുമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മറ്റ് ഉപവിഭാഗങ്ങളെ അപേക്ഷിച്ച് എച്ച്3എന്‍2 കേസുകളില്‍ ഭൂരിഭാഗത്തിനും ആശുപത്രിവാസം വേണ്ടിവരുന്നു. പനിയോടു കൂടിയ ചുമയാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഈ രോഗ ലക്ഷങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം പുതിയ ഇന്‍ഫ്ലുവന്‍സ വൈറസ് അപകടകാരിയല്ലെന്ന് ഡോ. അനിത രമേശ് പറഞ്ഞു. രോഗ ലക്ഷണങ്ങളെല്ലാം കോവിഡിനേത് സമാനമാണ്. എന്നാല്‍ രോഗബാധിതരില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: fever spread­ing across kerala
You may also like this video

Exit mobile version