ചകിരിയുടെ ലഭ്യതക്കുറവ് പരിഹരിക്കുവാന്‍ ഫൈബര്‍ ബാങ്ക് സ്ഥാപിക്കുമെന്ന് കയര്‍ മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയ്ക്ക് 9 ലക്ഷം ക്വിന്റല്‍ ചകിരിനാര് ആവശ്യമാണ്. എന്നാല്‍ കേരളത്തില്‍ ചകിരി നാരിന്റെ വാര്‍ഷിക ഉല്പാദനം മൂന്ന് ക്വിന്റല്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ കയര്‍ സംഘങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഗുണനിലവാരമുള്ള ചകിരിനാര് യഥാസമയം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഫൈബര്‍ ബാങ്ക് സ്ഥാപിക്കുന്നത്. തൊണ്ട് സംഭരിക്കുന്നതിന് ഹരിത കര്‍മ്മസേനയുടെ സേവനം പ്രയോജനപ്പെടുത്തും. കയര്‍ പിരി സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഒരു കിലോ കയറിന് 3.5 രൂപ മുതല്‍ 6.5 രൂപ വരെ വർധനവ് ഉണ്ടായ സാഹചര്യത്തില്‍ പരമ്പരാഗത ഇ റാട്ടില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ദിവസക്കൂലി 350 രൂപയില്‍ 400 രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
കയര്‍തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി, ചെറുകിട കയര്‍ ഉല്‍പ്പാദകരുടെ നെയ്ത്ത് തറികളുടെ അറ്റകുറ്റപ്പണിക്കായി ഒറ്റത്തവണ ധനസഹായ പദ്ധതി, കയര്‍മേഖലയെ സംഘടിത ഉല്‍പ്പാദന സ്വഭാവത്തില്‍ കൊണ്ടുവരുന്നതിന് ക്ലസ്റ്റര്‍ സംവിധാനം എന്നിവ നടപ്പിലാക്കും. ആദ്യത്തെ ക്ലസ്റ്ററിന് ജില്ലയില്‍ ഈ വര്‍ഷത്തില്‍ തന്നെ തുടക്കം കുറിക്കും. ഇത്തരത്തില്‍ പത്ത് ക്ലസ്റ്റര്‍ ജില്ലയില്‍ ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എംഎല്‍എ പിപി ചിത്തരഞ്ജന്‍, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഫ്, കയര്‍ വികസന ഡയറക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ പങ്കെടുത്തു.

