Site iconSite icon Janayugom Online

ഫിഫ നടപടി: ബിജെപിയുടെ രാഷ്ട്രീയക്കളിക്ക് തിരിച്ചടി

editedit

ളിക്കളങ്ങളെയും കയ്യടക്കുവാനുള്ള ബിജെപി സര്‍ക്കാരിന്റെ കുത്സിത നീക്കം ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷ (എഐഎഫ്എഫ്) ന്റെ സസ്പെന്‍ഷനില്‍ എത്തിച്ചിരിക്കുകയാണ്. ഫിഫയുടെ നടപടി ഇന്ത്യൻ ഫുട്ബോളിന്റെ വരുംനാളുകളെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നത് കളിയെ സ്നേഹിക്കുന്നവരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്നോളം ഇന്ത്യക്കെതിരെ സ്വീകരിക്കാത്ത തരത്തിലുള്ള കടുത്ത നടപടിയാണ് ഫിഫയില്‍ നിന്ന് ഇപ്പോഴുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ചേർന്ന ഫിഫ കൗൺസിൽ ബ്യൂറോ ഒരേ സ്വരത്തിലാണ് നടപടി തീരുമാനം കൈക്കൊണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.
ഫിഫയുടെ നിയമങ്ങൾ ലംഘിച്ചതിനുള്ള നടപടിയെന്നാണ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. എഐ എഫ്എഫിലുണ്ടായ പ്രശ്നങ്ങളിൽ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികളാണ് ഫിഫയെ ചൊടിപ്പിച്ചത്. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ കോടതിയില്‍ എത്തിയതിനോട് ഫിഫയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് വ്യക്തം.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട് കേന്ദ്രം സെൻസസ് നടത്തുന്നില്ല?


ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ പുറത്തുനിന്ന് കൈകടത്തലുണ്ടായെന്നാണ് ചുവപ്പ് കാര്‍ഡിന് നിദാനമായി ഫിഫ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോടതി രൂപം നൽകിയ പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ സസ്പെൻഷൻ പിൻവലിക്കുകയുള്ളൂവെന്നു വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചു. ഇതുമൂലം രാജ്യത്തെ ഫുട്ബോളിന് കടുത്ത നഷ്ടം ഉണ്ടാകുമെന്ന മുന്നറിയിപ്പും ഫിഫ നൽകിയിട്ടുണ്ട്. ഒക്ടോബർ 11 മുതൽ 30 വരെ അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയാണ് സസ്പെൻഷൻ വളരെ ഗൗരവ സ്വഭാവത്തോടു കൂടിയാണെന്ന് ഫിഫ അടിവരയിടുന്നത്. ഇപ്പോൾ കൂടുതൽ തുടർ നടപടികളെ കുറിച്ചൊന്നും അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ പറയുന്നില്ലെങ്കിലും പ്രശ്നത്തിന് എഐഎഫ്എഫ് ഉടൻ പരിഹാരം കാണാത്ത പക്ഷം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങാമെന്നാണ് വിലയിരുത്തൽ. ഫിഫയുടെ സാമ്പത്തിക സഹായങ്ങൾ നഷ്ടമാകുന്ന സ്ഥിതിയുണ്ടായാൽ അത് കനത്ത നഷ്ടം തന്നെയാണ്. ഇന്ത്യൻ ഫുട്ബോളിന്റെ കടയ്ക്കൽ വച്ച കോടാലിക്കു തുല്യമായി മാറാവുന്ന ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി നയിക്കുക എന്നുവേണം കരുതുവാൻ. ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നതാണ് ഏറ്റവും കനത്ത നഷ്ടം. ഇന്ത്യൻ ഫുട്ബോളിന് പുതിയ പ്രതീക്ഷ സമ്മാനിച്ച ഐഎസ്എൽ തടസപ്പെടില്ലെങ്കിലും വിലക്കുള്ള ഒരു രാജ്യത്തെ ഫുട്ബോൾ ഫെഡറേ ഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന ടൂർണമെന്റിൽ പങ്കെടുക്കുക വിദേശ താരങ്ങൾക്ക് തടസമാകാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ ഐ എസ്എല്ലിന്റെ ഇപ്പോഴത്തെ പൊലിമ നഷ്ടമാകുമെന്നുറപ്പാണ്.


ഇതുകൂടി വായിക്കൂ: എന്തുകൊണ്ട് കേന്ദ്രം സെൻസസ് നടത്തുന്നില്ല?


ഫിഫയുടെ നടപടി ഏറ്റുവാങ്ങിയതിനു പിന്നിൽ എഐഎഫ് എഫിനെ പൂർണനിയന്ത്രണത്തിലാക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും കളികളാണെന്ന് കാണാതിരുന്നുകൂടാ. അമിത്ഷായുടെ മകന്‍ ജയ് ഷായെ പ്രതിഷ്ഠിച്ച് ക്രിക്കറ്റ് സംഘടനയെ പിടിച്ചടക്കിയതുപോലെ ഫുട്ബോള്‍ ഫെഡറേഷന്‍ കയ്യടക്കുന്നതിന് നടത്തിയ നീക്കങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു തിരിച്ചടിക്കു കാരണമായത്. ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായ എൻസിപി നേതാവും രാജ്യസഭാംഗവുമായ പ്രഫുൽ പട്ടേലിനെ ഒഴിവാക്കി പദവി പിടിച്ചെടുക്കാനുള്ള ബിജെപി നേതാക്കളുടെ കുത്സിത നീക്കങ്ങളാണ് കാര്യങ്ങൾ കോടതിക്കു മുന്നിലെത്തിച്ചത്. ഇതേ തുടർന്ന് പ്രഫുൽ പട്ടേലിനെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. മൂന്ന് തവണകളായി 12 വർഷം പ്രസിഡന്റ് പദവി വഹിച്ച പ്രഫുൽ, രാജ്യത്തെ കായിക ചട്ടപ്രകാരം ഒരു പദവിയിൽ പരമാവധി കാലാവധി പൂർത്തിയാക്കിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ ഫെഡറേഷനിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല പ്രത്യേക ഭരണസമിതിയെ ഏൽപിച്ചു. മിനർവ പഞ്ചാബ് എഫ്‌സി ഉടമ രഞ്ജിത് ബജാജിനെ അധ്യക്ഷനാക്കി 12 അംഗ ഉപദേശക സമിതിക്കു രൂപം നൽകുകയും ചെയ്തു. എന്നാൽ കോടതിയുടെ ഈ തീരുമാനം നിയമവിരുദ്ധമാണെന്ന് ഫിഫ കണ്ടെത്തിയതോടെ എഐഎഫ്എഫ് സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. ഫെഡറേഷന്റെ നിർവാഹക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി രൂപം നൽകിയ വ്യവസ്ഥകളെ ഫിഫ തള്ളി. സംസ്ഥാന അസോസിയേഷനുകളിലെ 36 പ്രതിനിധികളും 36 പ്രമുഖ ഫുട്ബോൾ താരങ്ങളും അടങ്ങിയ സംഘം നിർവാഹക സമിതി ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന നിർദ്ദേശം സുപ്രീം കോടതി അംഗീകരിച്ചെങ്കിലും ഫിഫ എതിർത്തു. താരങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കണമെന്നും വേണമെങ്കിൽ അവരെ നോമിനേറ്റ് ചെയ്താൽ മതിയെന്നുമാണ് ഫിഫയുടെ നിലപാട്. ഫലത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റി കായിക സംഘടനകളെ കൈപ്പിടിയിലൊതുക്കുന്നതിന് രാഷ്ട്രീയക്കളി നടത്തുന്ന ബിജെപി സർക്കാരിന്റെ കരണത്തേറ്റ കനത്ത അടിയാണ് ഫിഫയുടെ നടപടി.

You may also like this video;

Exit mobile version