Site icon Janayugom Online

ഫിഫ വേള്‍ഡ് കപ്പ്; ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് പ്രദര്‍ശനത്തിനൊരുങ്ങി

പ്രമുഖ ആർട്ടിസ്റ്റും ക്യുറേറ്ററുമായ എം ദിലീഫിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കൂറ്റന്‍ ബൂട്ട് ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ഖത്തറിൽ പ്രദർശിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ഈ ഫുട്ബോള്‍ ബൂട്ടിന് പതിനേഴടി നീളവും ആറടി ഉയരവുമുണ്ട്. ഭീമൻ ബൂട്ട് ഗിന്നസ് ബുക്ക് ഒഫ് റെക്കോഡ്സിൽ ഇടം നേടും. ലെതർ, ഫൈബർ, റെക്സിൻ, ഫോംഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവകൊണ്ടാണ് ബൂട്ട് നിർമിച്ചിരിക്കുന്നത്.

ഖത്തറിൽ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന് രേഖപ്പെടുത്തി ബൂട്ട് പ്രദർശനത്തിനായി വെക്കും. പ്രമുഖ അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഖത്തറിൽ ബൂട്ട്സ്വീകരിക്കും. ആരോഗ്യവും ഉല്ലാസവുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ന മുദ്രാവാക്യവുമായാണ് ഫോക്കസ് ഇന്റർനാഷണൽ ഈ ഉദ്യമത്തിൽ പങ്കാളിയാവുന്നത്. ഖത്തര്‍ ലോകകപ്പിന് ഇന്ത്യയുടെ സ്നേഹോപഹാരമായാണ് ബൂട്ട് പ്രദര്‍ശിപ്പിക്കുന്നത്. ബൂട്ട് പ്രദര്‍ശിപ്പിക്കുന്നതിന് ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതി ഫോക്കസ് ഇന്റർനാഷണലിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

ബൂട്ട് പുറപ്പെടുന്നതിനു മുന്നോടിയായി കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച വൈകിട്ട് പ്രദർശന ചടങ്ങ് നടക്കും. കോഴിക്കോട് കടപ്പുറത്തെ കൾച്ചറൽ സ്റ്റേജിൽ വൈകിട്ട് അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദും കേരള മുൻ ഫുട്ബാൾ ക്യാപ്റ്റൻ ആസിഫ് സഹീറും സംയുക്തമായി ബൂട്ട് പ്രദർശനോദ്ഘാടനം നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, ഫോക്കസ് ഇന്റർനാഷണൽ ഇവന്റ്സ് ഡയരക്റ്റർ അസ്കർ റഹ്മാന് ബൂട്ട് കൈമാറും.

ചടങ്ങിൽ ഫുട്ബോൾ താരങ്ങളും രാഷ്ട്രീയ‑സാമൂഹിക‑സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. തുടര്‍ന്ന് ബൂട്ട് ഖത്തറിലേക്ക് കൊണ്ടുപോകും. പ്രമുഖ ബിരിയാണി അരി നിർമ്മാതാക്കളും ജീരകശാല അരിയുടെ കയറ്റുമതിക്കാരുമായ ഐമാക്സ് ഗോൾഡ് റൈസ് ഇൻഡസ്ട്രീസ് ആണ് 12 ലക്ഷം രൂപ ചെലവില്‍ ബൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഖത്തറില്‍ പ്രദര്‍ശനത്തിനെത്തുമ്പോഴേക്ക് 20 ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.

Eng­lish Summary:FIFA World Cup; The world’s largest foot­ball boot is on display
You may also like this video

Exit mobile version