യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മക്കായി താജ്മഹലിന്റെ മാതൃകയിൽ പണികഴിപ്പിച്ച ആലപ്പുഴയിലെ സ്മാരകത്തിന് 15 വയസ് പൂർത്തിയായി. ആലപ്പുഴ തുമ്പോളി ജംഗ്ഷന് സമീപം മുൻ നാവിക ഉദ്യോഗസ്ഥനായ എ കെ ബി കുമാറാണ് ഗ്ലോബൽ പീസ് പാലസ് എന്ന പേരിൽ ഈ കെട്ടിടം പണികഴിപ്പിച്ചത്.
ഷാജഹാൻ ചക്രവർത്തി തന്റെ പ്രണയിനിക്ക് വേണ്ടി പണികഴിപ്പിച്ച താജ് മഹലിന്റെ അതേ മാതൃകയിലാണ് യുദ്ധത്തിൽ പൊലിഞ്ഞ ജവാന്മാർക്കും ധീര രക്തസാക്ഷികൾക്കും വേണ്ടി ഈ ജവാൻ ഇത് നിർമ്മിച്ചിട്ടുള്ളത്. ആലപ്പുഴ ദേശീയപാത 66‑ൽ ആലപ്പുഴ തുമ്പോളി ജംഗ്ഷനിലാണ് ഈ സമാധാന സ്മാരകം സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും മാർബിളും ടൈലുകളുമാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. രണ്ടു നിലകളുള്ള ഈ സൗധത്തിന്റെ താഴത്തെ നിലയിൽ തന്നെയാണ് എ കെ ബി കുമാറിന്റെ താമസം.
മുകളിലത്തെ നിലയിൽ മ്യൂസിയവും സജ്ജമാക്കിയിട്ടുണ്ട്. മുകളിലുള്ള നിലയിൽ നാല് മിനാരങ്ങളാണുള്ളത്. ഒന്നിലും കര — നാവിക — വ്യോമ സേനകളെയും നാലാമത്തേത് ബിഎസ്എഫ് ഉൾപ്പടെയുള്ള മറ്റ് സൈനിക — അർദ്ധ സൈനിക — പോലീസ് സേനാവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഇവയിൽ കാർഗിൽ ഉൾപ്പടെയുള്ള വിവിധ യുദ്ധങ്ങളിൽ ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെയും രാജ്യസേവനത്തിനിടെ ജീവൻ പൊലിഞ്ഞ സേനാംഗങ്ങളുടെയും ചിത്രവും പേരുവിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ യുദ്ധ സ്മാരകങ്ങളെയും പടക്കപ്പലുകളെയും ആയുധങ്ങളെയും കുറിച്ചുള്ള ഒരു ലഘു വിവരണവും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഏഴായിരം ചതുരശ്രയടി വിസ്തീർണ്ണവും 47 അടി ഉയരവുമുള്ള ഈ സമാധാന സൗധത്തിന്റെ നിർമ്മാണം 2007ലാണ് ആരംഭിച്ചത്.
നാല് വർഷം കൊണ്ടാണ് പൂർത്തിയാക്കിയ ഈ സ്മാരകത്തിന് ഒന്നരക്കോടിയോളം രൂപയാണ് ചിലവായത്. 1985ൽ സേനയിൽ നിന്ന് വിരമിച്ച ശേഷം എ കെ ബി കുമാർ കൊച്ചിൻ റിഫൈനറിയിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലി ചെയ്യവേയാണ് ഇത്തരത്തിലൊരു ആശയം മനസ്സിൽ ഉയർന്നത്. ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങാതെ തന്റെ സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് ഇദ്ദേഹം ഈ സ്മാരകം നിർമ്മിച്ചത്. നിരവധി ദേശീയ — അന്തർദ്ദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും ബഹുമതികളും ഈ സൗധത്തിനും പണികഴിപ്പിച്ച എ കെ ബി കുമാറിനെയും തേടി എത്തിയിട്ടുണ്ട്. വിദേശികൾ അടക്കം നിരവധി പേരാണ് ഈ സ്മാരകവും അതിലെ കാഴ്ചകളും കാണാനും അറിയാനുമായി ഇവിടേക്ക് എത്തുന്നത്.