ഹനുമാന്റെ ജന്മസ്ഥലം നിശ്ചയിക്കാന്‍ വിളിച്ചു ചേര്‍ത്ത സന്യാസിമാരുടെ യോഗത്തില്‍ കയ്യാങ്കളി. മഹാരാഷ്ട്രയിലെ നാസിക്കില്‍ ചേര്‍ന്ന മതസമ്മേളനമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ സന്യാസിമാര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയും മൈക്കും കസേരയും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് സന്യാസിമാരെ പിടിച്ചുമാറ്റിയത്.
ഹനുമാന്റെ ജന്മസ്ഥലത്തെക്കുറിച്ച് ദീര്‍ഘകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഏകദേശം ഒമ്പത് സ്ഥലങ്ങള്‍ തര്‍ക്കപട്ടികയിലുണ്ട്. നാസിക്കിലെ അഞ്ച്‌നേരിയിലാണ് ഹനുമാന്‍ ജനിച്ചതെന്ന വിശ്വാസമാണ് ഇതില്‍ പ്രബലം. എന്നാല്‍ കിഷ്‌കിന്ദയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് വാദിച്ച് കിഷ്‌കിന്ദ മഠാധിപതി സ്വാമി ഗോവിന്ദാനന്ദ് സരസ്വതി രംഗത്തെത്തിയതോടെയാണ് വിവാദം രൂക്ഷമായത്.
എതിര്‍ക്കുന്നവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ തെളിവ് ഹാജരാക്കിയില്ലെങ്കില്‍ ഹനുമാന്റെ ജന്മസ്ഥലം കിഷ്കിന്ദയാണെന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു ഗോവിന്ദാനന്തിന്റെ വാദം. തുടര്‍ന്നാണ് സന്യാസിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ പങ്കെടുക്കാന്‍ സ്വാമി ഗോവിന്ദാനന്ദ് ത്രൈയംബകേശ്വറില്‍ നിന്ന് അഞ്ച്‌നേരിയിലേക്ക് റാലി നയിച്ച് വരാന്‍ തീരുമാനിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ റാലിയെ അഞ്ച്‌നേരി നിവാസികള്‍ എതിര്‍ത്തു. റാലി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പറഞ്ഞ് അവര്‍ റോഡില്‍ തടസം സൃഷ്ടിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.
ചൊവ്വാഴ്ചയാണ് നാസിക്കില്‍ മതസമ്മേളനം ചേര്‍ന്നത്. വേദം, പുരാണം, മറ്റ് മതഗ്രന്ഥങ്ങള്‍ എന്നിവയിലെ വിദഗ്ധരുള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിലെ ഇരിപ്പിടത്തെ ചൊല്ലി വീണ്ടും തര്‍ക്കം ഉയര്‍ന്നു. നാസിക്കിലെ കലാറാം ക്ഷേത്രത്തിലെ മഹന്ദ് സുധീര്‍ദാസ് ഗോവിന്ദാനന്ദിനെ കോണ്‍ഗ്രസുകാരനെന്ന് വിളിച്ചു. ഇതോടെ സന്യാസിമാര്‍ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് വാക്കേറ്റത്തില്‍ ഏര്‍പെടുകയും അത് കയ്യാങ്കളിയില്‍ എത്തുകയുമായിരുന്നു.
സമ്മേളനത്തില്‍ വാദം ഉന്നയിക്കാന്‍ അനുദിച്ചില്ലെന്ന് ഗോവിന്ദാനന്ദ് സരസ്വതിയുടെ അനുയായികള്‍ പരാതിപ്പെട്ടതോടെ കയാങ്കളി കൂടുതല്‍ കലുഷിതമാക്കി. ഇതിനിടയില്‍ മഹന്ദ് സുധീര്‍ ദാസ് ഒരു മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടിപ്പറിച്ചെടുത്ത് ഗോവിന്ദ സരസ്വതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തു. ഇതിനുമുമ്പും ഹനുമാന്റെ ജന്മസ്ഥലം സംബന്ധിച്ച തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിരുമല തിരുപ്പതി തിരുപ്പതി ദേവസ്വം (ടിടിഡി) ഹനുമാന്റെ ജന്മസ്ഥലം തിരുപ്പതിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
English summary;fight named by Hanuman’s birthplace
You may also like this video;