Site iconSite icon Janayugom Online

പൊലീസില്‍ പരാതി നല്‍കി; 11കാരിയെ വീട്ടില്‍ കയറി മര്‍ദിച്ചു; യുവാവിന് 13 വര്‍ഷം കഠിനതടവ്

പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ പതിനൊന്നുവയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയ്ക്ക് 13 വര്‍ഷം കഠിനതടവ്. മുത്താന അമ്പലത്തുംവിള ലക്ഷംവീട് കോളനിയില്‍ ഗിരീഷിനെയാണു കോടതി ശിക്ഷിച്ചത്. കഠിനതടവിനൊപ്പം 40,000 രൂപ പിഴയും ഒടുക്കണം. 2011 ജൂണ്‍ മൂന്നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മക്കള്‍ സ്‌കൂളിലേയ്ക്കു പോകുമ്പോഴും വരുമ്പോഴും പ്രതി കളിയാക്കുന്നതും അസഭ്യം പറയുന്നതും സഹിക്കാന്‍ വയ്യാതായതോടെ അമ്മ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. അതിന്റെ പ്രതികാരമായി ഗിരീഷ് വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റിരുന്നു.

11 വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി പരിക്കേല്‍പ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നു നിരീക്ഷിച്ചാണു കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരും. വര്‍ക്കല പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന വി. സൈജുനാഥ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും ഹാജരാക്കുകയും ചെയ്തു. 

Exit mobile version