മലയാള സിനിമാ രംഗത്തെ ഉയർന്ന താര പ്രതിഫലത്തിനെതിരെ വ്യവസായത്തിലെ വിവിധ സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത്തരം പ്രശ്നങ്ങളൊന്നും കണക്കിലെടുക്കാതെ താരങ്ങൾ പ്രതിഫലം കുത്തനെ വർധിപ്പിക്കുകയാണെന്നാണ് ആക്ഷേപം. ചലച്ചിത്ര രംഗത്തെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഫിലിം ചേംബർ വിളിച്ചു കൂട്ടിയ താരസംഘടന അടക്കം, നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റർ ഉടമകളുടെയും സംഘടനകളുടെ സംയുക്ത യോഗം താര പ്രതിഫലത്തിൽ തട്ടി തീരുമാനമാകാതെ പിരിഞ്ഞിരിക്കുകയാണ്. യോഗത്തിൽ എഎംഎംഎ പ്രസിഡന്റ് മോഹൻലാൽ സംബന്ധിച്ചിരുന്നെങ്കിലും പ്രതിഫലം സംബന്ധിച്ച് ഏകോപിച്ച രൂപമുണ്ടാക്കാൻ കഴിഞ്ഞില്ല. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താരസംഘടനയായതിനാൽ, അവിടെ ചർച്ച ചെയ്ത ശേഷം ഓഗസ്റ്റ് ആദ്യം ഒരു യോഗംകൂടി വിളിച്ച് കാര്യങ്ങൾ വിശദമായി ചർച്ചയ്ക്കെടുക്കാം എന്ന് നിശ്ചയിച്ച് പിരിയുകയാണുണ്ടായത്.
ഒരു നിർമ്മാതാവിന് ഒരു സിനിമയ്ക്കു വരുന്ന മൊത്തം ചെലവിന്റെ 70 ശതമാനവും താരങ്ങൾക്കുള്ള പ്രതിഫലമായി മാറുകയാണ്. അഞ്ചു കോടി ബജറ്റുള്ള ഒരു സിനിമയുടെ മൂന്നു കോടിയും താരങ്ങൾക്കുള്ള പ്രതിഫലമാണ്. ഇതുമൂലം മലയാള ചലച്ചിത്രരംഗം പ്രതിസന്ധികളിൽ നിന്നു പ്രതിസന്ധികളിലേക്കു കുതിക്കുകയാണ്. ഈ വർഷം പ്രദർശനത്തിനെത്തിയ 77 സിനിമകളിൽ ഭൂരിഭാഗവും സാമ്പത്തികമായി പരാജയപ്പെടുകയായിരുന്നു. ഈ ഗുരുതര സാഹചര്യത്തിലാണ് ഫിലിം ചേംബർ, സംഘടനകളുടെ സംയുക്ത യോഗം വിളിച്ചത്. പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണം എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടായില്ലെങ്കിലും പ്രതിഫലക്കാര്യം ഉയർന്നുവന്നതോടെ വഴിമുട്ടി.
യുവതാരങ്ങൾ പോലും 75 ലക്ഷം മുതൽ ഒരു കോടി വരെയാണ് വാങ്ങുന്നത്. മുൻനിര നായികമാർ 50 ലക്ഷം തൊട്ട് ഒരു കോടി വരെ. സഹതാരങ്ങളുടേത് 15 ലക്ഷത്തിൽ തുടങ്ങി 35 ലക്ഷത്തിൽ എത്തി നിൽക്കുന്നു. സൂപ്പർ സ്റ്റാറുകളുടെ കാര്യം പറയാനില്ല. അവിടെ കോടികൾ കൊണ്ടുള്ള കളി മാത്രം. അഞ്ച് കോടി മുതൽ 15 കോടി വരെ. സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നത് തങ്ങൾക്കു പ്രശ്നമല്ല, പ്രതിഫലം വർധിപ്പിക്കണം എന്ന താരമനോഭാവം ശരിയല്ലെന്നും വ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാവർക്കും ജീവിക്കണമെന്നും ഫിലിം ചേംബർ പ്രതിനിധികള്‍ തുറന്നടിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ താരവില കുറയ്ക്കണം എന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തയായുയർന്നപ്പോൾ, പ്രതിഫലം കുറയ്ക്കും എന്ന പ്രചാരണമുണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇപ്പോൾ സ്ഥിതി പഴയതിനെക്കാൾ പല മടങ്ങ് മുകളിൽ.
മലയാള സിനിമകളുടെ ഒടിടി റിലീസ്, തിയേറ്റർ റിലീസ് കഴിഞ്ഞ് 42 ദിവസത്തിനു ശേഷമാക്കണമെന്ന ആവശ്യം കടുപ്പിച്ചിരിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘം. ഒടിടി റിലീസുകൾ വർധിച്ചതും തിയേറ്ററുകളിൽ പ്രേക്ഷകരെ ആകർഷിക്കുന്ന ചിത്രങ്ങളില്ലാത്തതും പൊതുവായ പ്രതിസന്ധി വർധിപ്പിക്കുകയാണ്. ഹിന്ദി സിനിമകളുടെ ഒടിടി റിലീസ് എട്ട് ആഴ്ചകൾക്കു ശേഷമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
English Summary:film field is Again in crisis
You may also like this video