ബലാത്സംഗക്കേസില്‍ പ്രമുഖ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റില്‍. നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെയും മോർഫ് ചെയ്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെയും കുറിച്ചുള്ള പരാതിയിലാണ് നടപടി.
എവിആർ എന്റർടെയ്‌ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ അരവിന്ദിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
നടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയെന്നാണ് പരാതി. മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതോടെ നടി തീവ്രമായ മാനസിക സമ്മർദത്തിലായി. ഇതിന്റെ സമ്മർദ്ദം മൂലം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ആശുപത്രിയിലെത്തിയ അരവിന്ദ് വീണ്ടും ഭീഷണിപ്പെടുത്തി സംഭവം മറച്ചുവയ്ക്കാൻ നിർബന്ധിച്ചു. തന്റെ നീക്കങ്ങൾ അരവിന്ദ് പിന്തുടർന്നെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഈ സംഭവങ്ങൾ നടിയുടെ ജീവിതത്തെ പൂർണമായി തകർത്തുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ്. നടിക്ക് താൻ സാമ്പത്തിക സഹായവും വീടും നൽകിയിരുന്നുവെന്നും, അവർ മറ്റൊരു വ്യക്തിയുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നുവെന്നും ഇയാൾ വാദിക്കുന്നു.

