Site iconSite icon Janayugom Online

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം കൈക്കലാക്കിയ സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍

ഓൺലൈൻ തട്ടിപ്പിലൂടെ മട്ടാഞ്ചേരി സ്വദേശിയുടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ സിനിമാ പ്രവർത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.
എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ് (35), കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി (37) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് മട്ടാഞ്ചേരി സ്വദേശിയായ യുവാവ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായത്. 

വാട്സ്ആപ്പിലൂടെ ഒരു ലിങ്ക് അയച്ച് യുവാവിൽ നിന്ന പലതവണകളായി 46 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട യുവാവ് നാഷണൽ സൈബർ ക്രൈെം റിപ്പോർട്ടിങ് പോർട്ടൽ നമ്പരായ 1930ൽ പരാതി രജിസ്റ്റർ ചെയ്യുകയും മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയുമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡിസിപി അശ്വതി ജിജി എന്നിവരുടെ നിർദേമനുസരിച്ച് മട്ടാഞ്ചേരി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷ് ഗോയൽ, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബിൻ കെ എ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സൈബർ സെല്ലിന്റെ സഹായത്താൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പ് നടത്തിയ രീതിയെപ്പറ്റിയും തട്ടിപ്പ് നടത്തിയ പ്രതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭി‍ച്ചത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളെയും പിടികൂടിയത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സംഘം നടത്തിയ മറ്റ് തട്ടിപ്പുകളെപ്പറ്റിയും പൊലീസ് അന്വേഷിച്ച് വരികയാണ്. 

Exit mobile version