അതിസുരക്ഷാ മേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിൽ കയറി റീൽസ് ചിത്രീകരിക്കുന്നതിനിടെ ഗുണ്ട് പൊട്ടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചാവക്കാട് മടപ്പേൻ സ്വദേശി സൽമാൻ ഫാരിസിൻ്റെ(26) വലത് കൈപ്പത്തിയാണ് അപകടത്തിൽ തകർന്നത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലൈറ്റ് ഹൗസ് സന്ദർശിക്കാനെത്തിയ സൽമാൻ ഫാരിസും സുഹൃത്തുക്കളും റീൽസ് എടുക്കുന്നതിനിടെയാണ് ഗുണ്ട് പൊട്ടിച്ചത്. ലൈറ്റ് ഹൗസിന് മുകളിൽനിന്ന് വലിയ ശബ്ദം കേട്ടതോടെ പരിഭ്രാന്തരായ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എന്നാൽ, അതിനോടകം പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തെക്കുറിച്ച് ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

