Site iconSite icon Janayugom Online

റെയിൽ പാളത്തിൽ റീൽസ് ചിത്രീകരണം; ട്രെയിനിടിച്ച് 15 വയസുകാരന് ദാരുണാന്ത്യം

ഒഡീഷയിലെ പുരിയിൽ റെയിൽ പാളത്തിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ട്രെയിനിടിച്ച് കൗമാരക്കാരന് ദാരുണാന്ത്യം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത്ത് സാഹു(15) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ജനക്‌ദേവ്പുർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. അമ്മയോടൊപ്പം ദക്ഷിണകാളി ക്ഷേത്രത്തിൽ പോയ ശേഷം തിരിച്ചു വരുന്ന വഴി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് വിശ്വജീത്ത് അപകടത്തിൽപ്പെട്ടത്. റെയിൽവേ പാളത്തോട് ചേർന്ന് നിന്നാണ് വിശ്വജീത്ത് വീഡിയോ എടുത്തിരുന്നത്. ഇതിനിടെ പിന്നിൽ നിന്നെത്തിയ ട്രെയിൻ വിശ്വജീത്തിനെ ഇടിച്ചിടുകയായിരുന്നു. 

അപകടത്തിന്‍റെ ദൃശ്യങ്ങൾ വിശ്വജീത്തിന്‍റെ മൊബൈലിൽ നിന്നും പൊലീസിന് കിട്ടി. ദൃശ്യങ്ങളിൽ, ട്രെയിൻ അടുത്തെത്തുന്നതിനിടെ വിശ്വജീത്ത് സാഹു വീഡിയോ റെക്കോർഡ് ചെയ്യുന്നത് കാണാം. ട്രെയിൻ കടന്ന് പോകവേ ഫോൺ തെറിച്ച് നിലത്തു വീഴുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. ഒഡീഷ റെയിൽവേ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. തുട‍ർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Exit mobile version