Site iconSite icon Janayugom Online

റീല്‍സ് ചിത്രീകരണം; റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

റീല്‍സ് ചിത്രീകരിക്കാന്‍ റെഡ് ലൈറ്റ് തെളിയിച്ച് ട്രെയിന്‍ നിര്‍ത്തിച്ച സംഭവത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് പൊലീസ്. തലശേരിയിലാണ് സംഭവം. റെയില്‍വേ പൊലീസാണ് കേസെടുത്തത്. എറണാകുളം- പൂനെ എക്‌സ്പ്രസ് ആണ് നിര്‍ത്തിച്ചത്. രണ്ടുപേരെയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെ 1.50നാണ് സംഭവം. തലശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുത്തതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്. റീല്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന പ്രത്യകതരം ചുവന്ന ലൈറ്റ് അടിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പത്ത് മിനിറ്റോളം ലൈറ്റ് തെളിയിച്ചതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയത്. ലോക്കോ പൈലറ്റ് റെയില്‍വേ പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്‌ റീല്‍സ് ചിത്രീകരണത്തിനാണ് ലൈറ്റ് അടിച്ചതെന്ന് മനസിലാക്കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുവിദ്യാര്‍ഥികളെയും പിടികൂടുകയായിരുന്നു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വിദ്യാര്‍ഥികള്‍ റീല്‍സ് ചിത്രികരിച്ചതിന്റെ ദൃശ്യങ്ങളും റെയില്‍വേ പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. കാരണം കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇങ്ങനെ റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നാണ് റെയില്‍വേ പൊലീസ് വ്യക്തമാക്കി.

Exit mobile version