Site iconSite icon Janayugom Online

യൂട്യൂബറുടെ റീൽസ് ചിത്രീകരണം; ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ പുണ്യാഹം നടത്തും

റീൽസ് ചിത്രീകരിക്കാൻ യൂട്യൂബറായ ജാസ്മിൻ ജാഫർ ഗുരുവായൂർ കാൽ കഴുകിയ സംഭവത്തിൽ ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തും. നാളെ രാവിലെയാണ് ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തുക. ക്ഷേത്രത്തിൽ ആറുദിവസത്തെ പൂജകളും ശീവേലിയും തുടരും. നാളെ രാവിലെ മുതൽ 18 പൂജകളും 18 ശീവേലിയുമാണ് നടത്തുക. നാളെ ഉച്ചവരെ ദർശനത്തിന് നിയന്ത്രണവുമുണ്ട്.

ഹൈകോടതിയുടെ നിരോധനം മറികടന്നാണ് ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂർ ദേവസ്വം പൊലീസിലാണ് പരാതി ലഭിച്ചത്. ദേവസ്വം ടെമ്പിൾ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടപ്പുരയിലടക്കം റീൽസ് ചിത്രീകരിച്ചെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലുണ്ട്. പരാതി പൊലീസ് കോടതിക്ക് കൈമാറിയിരിക്കുകയാണ്.

സംഭവത്തിൽ ജാസ്മിൻ മാപ്പുപറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മാപ്പ് ചോദിച്ചത്.ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ജാസ്മിന്‍ പറഞ്ഞു. വിവാദമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ‘എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു’ ‑എന്ന കുറിപ്പാണ് ജാസ്മിൻ പങ്കുവെച്ചത്.

 

Exit mobile version