Site iconSite icon Janayugom Online

സാമ്പത്തിക പ്രതിസന്ധി; ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിട്ടു. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള യൂണികോണ്‍ സ്റ്റാര്‍ട്ടപ്പിന്റെ നിലവിലെ മൂല്യം 22 ബില്യണ്‍ ഡോളറാണ്. വിദ്യാഭ്യാസ സേവനങ്ങളുടെ ആവശ്യകത കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ലാഭം നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് നടപടിയെന്നാണ് സൂചന. അതേസമയം 500 ജീവനക്കാരെ മാത്രമേ പിരിച്ചുവിട്ടിട്ടുള്ളൂ എന്നാണ് കമ്പനിയുടെ വിശദീകരണം. 

ടോപ്പര്‍ , വൈറ്റ്ഹാറ്റ് ജൂനിയര്‍ വിഭാഗത്തിലെ സെയില്‍സ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ്, ഉള്ളടക്കം, ഡിസൈന്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മുഴുവന്‍ സമയ, കരാര്‍ ജീവനക്കാരും ഇവരില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 27, 28 തീയതികളിലായി ടോപ്പര്‍, വൈറ്റ്ഹാറ്റ് ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്ന് 1500 തൊഴിലാളികളെയാണ് ബൈജൂസ് പിരിച്ചുവിട്ടത്. തൊട്ടടുത്ത ദിവസം കോര്‍ ഓപറേഷന്‍ ടീമിലുള്ള 1000 പേര്‍ക്ക് പിരിച്ചുവിടുന്നതായി അറിയിച്ച് ഇ‑മെയില്‍ അയച്ചെന്ന്മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഉള്ളടക്കം, ഡിസൈന്‍ വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചുവിട്ടത്. ടോപ്പറില്‍ നിന്നു മാത്രം 1200 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതില്‍ 300 മുതല്‍ 350 വരെ സ്ഥിര ജീവനക്കാരാണ്. 300 ജീവനക്കാരോട് നിര്‍ബന്ധിത രാജി ആവശ്യപ്പെടുകയും അല്ലെങ്കില്‍ ഒന്നരമാസത്തേക്ക് ശമ്പളം ലഭിക്കില്ലെന്നും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Finan­cial cri­sis; Bai­jus laid off 2,500 employees
You may also like this video

Exit mobile version