Site icon Janayugom Online

സാമ്പത്തിക പ്രതിസന്ധി: സൗജന്യ റേഷന്‍ കേന്ദ്രം നിര്‍ത്തലാക്കുന്നു

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ വിതരണം നീട്ടരുതെന്ന് ധനമന്ത്രാലയം കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. കനത്ത സാമ്പത്തിക ബാധ്യതയും ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന തുടങ്ങിയത്. പദ്ധതി പ്രകാരം 80 കോടിയിലധികം പേര്‍ക്ക് പ്രതിമാസം അഞ്ച് കിലോഗ്രാം സൗജന്യ റേഷൻ ലഭിക്കും. ആറ് മാസത്തേക്ക് പ്രഖ്യാപിച്ച സൗജന്യ റേഷന്‍, ലോക്ക്ഡൗൺ നീണ്ടതു കാരണം ഒന്നിലധികം തവണ നീട്ടി. ഒടുവില്‍ ദീര്‍ഘിപ്പിച്ചത് വരുന്ന സെപ്റ്റംബർ വരെയാണ്. പകർച്ചവ്യാധിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച അടച്ചിടല്‍ മാറ്റിയിട്ടും പദ്ധതി തുടരുന്നത് അനാവശ്യമാണെന്ന് കേന്ദ്രത്തിന് അയച്ച കുറിപ്പിൽ ധനവകുപ്പ് പറഞ്ഞു.

ഈ സാമ്പത്തിക വർഷം ഭക്ഷ്യ സബ്‌സിഡിക്കായി സർക്കാർ 2.07 ലക്ഷം കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. സൗജന്യ റേഷൻ സെപ്റ്റംബർ വരെ നീട്ടിയതു വഴി സബ്‌സിഡി തുക 2.87 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷ. പദ്ധതി ആറുമാസം കൂടി നീട്ടിയാൽ ഏകദേശം 3.7 ലക്ഷം കോടി രൂപയായി ബജറ്റ് ഉയരാനിടയുണ്ട്. വളം സബ്‌സിഡി വർധന, പാചക വാതക സബ്‌സിഡി പുനഃസ്ഥാപനം, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയും ഭക്ഷ്യഎണ്ണകളുടെ കസ്റ്റംസ് തീരുവയും വെട്ടിക്കുറയ്‌ക്കല്‍ തുടങ്ങിയ സർക്കാർ തീരുമാനങ്ങളും നിർണായക നീക്കത്തിന് കാരണമായെന്നും ധനമന്ത്രാലയം കുറിപ്പിൽ പറയുന്നു.

രാസവളങ്ങളുടെ സബ്സിഡിക്കായി വകയിരുത്തിയ 1.05 ലക്ഷം കോടി ബജറ്റിൽ നിന്ന് 2.15 ലക്ഷം കോടി രൂപയായി ഉയരുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചത് സർക്കാരിന് ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ പറഞ്ഞിരുന്നു. പാചക വാതക സബ്‌സിഡിയിൽ 6,100 കോടിയുടെ നഷ്ടവും കണക്കാക്കുന്നു.

Eng­lish Sum­ma­ry: Finan­cial Cri­sis: Free Ration Cen­ter Shuts Down

You may like this video also

Exit mobile version