ശ്രീലങ്കയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നേപ്പാളും. വിദേശനാണ്യ കരുതല്‍ ശേഖരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്ത് താമസിക്കുന്ന പൗരന്മാരോട് ആഭ്യന്തര ബാങ്കുകളിൽ ഡോളറില്‍ പണം നിക്ഷേപിക്കാന്‍ ധനമന്ത്രി ജനാര്‍ദന്‍ ശര്‍മ്മ ആവശ്യപ്പെട്ടു. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ രാജ്യത്ത് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.
കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ വിലകൂടിയ കാറുകള്‍, സ്വര്‍ണം, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയിലും നിയന്ത്രണമേര്‍പ്പെടുത്തി. എന്നാല്‍ ശ്രീലങ്കയിലേതുപോലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേപ്പാള്‍ നേരിടുന്നില്ലെന്നാണ് ധനമന്ത്രി പറയുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഏഴ് മാസംകൊണ്ട് 16 ശതമാനം കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചത്. 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രമാണ് കുരുതല്‍ ശേഖരത്തില്‍ ഇപ്പോഴുള്ളത്. രാജ്യത്തിന്റെ കടം വരുമാനത്തിന്റെ 43 ശതമാനത്തില്‍ ഏറെയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സെന്‍ട്രല്‍ ബാങ്ക് ഓഫ് നേപ്പാളും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷനും രണ്ട് ദിവസത്തെ അവധി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു. റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ധന വിലക്കയറ്റം രൂക്ഷമായത്. ഒരു ലിറ്റര്‍ പെട്രോളിന് 150 രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖല ദുര്‍ബലപ്പെട്ടതും നേപ്പാളിന് തിരിച്ചടിയായി. പ്രധാന വരുമാന മേഖലയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ നിന്ന് ഇറക്കുമതിക്ക് ചെലവാക്കേണ്ടി വന്നു. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെയാണ് വില ഉയര്‍ന്നത്.
കരുതല്‍ ശേഖരത്തിലെ കുറവ് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതോടെ നേപ്പാള്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ പുറത്താക്കിയിരുന്നു.
English summary;Financial crisis in Nepal too; A two-day holiday has been declared in the country
You may also like this video;